ടെഹ്റാൻ: യുഎസിന്റെ ആധുനികശ്രേണിയിൽപ്പെട്ട എഫ്–35 യുദ്ധവിമാനത്തെ ആക്രമിച്ച് കേടുപാടുണ്ടാക്കിയതായി ഇറാൻ സൈന്യമായ റവല്യൂഷനറി ഗാർഡ് കോർ. എഫ് 35 പശ്ചിമേഷ്യയിലെ യുഎസ് സേനാത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചെങ്കിലും ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സിഎൻഎന്നിനോട് പറഞ്ഞു. ‘വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റും സുരക്ഷിതനാണ്’–ഹോക്കിൻസ് പറഞ്ഞു.
അതേസമയം ആക്രമണം സ്ഥിരീകരിക്കപ്പെട്ടാൽ ഇറാന്റെ ഏറ്റവും കടുത്ത നീക്കമായിരിക്കുമിത്. യുഎസിന്റെ ഏറ്റവും ആധുനികശ്രേണിയിൽപ്പെട്ട വിമാനമാണ് എഫ്–35.100 മില്യൺ ഡോളറിലധികം വിലവരുന്ന F-35 യുദ്ധവിമാനം അമേരിക്കയും ഇസ്രയേലും വ്യാപകമായി വിന്യസിച്ചുവരികയാണ്. ബ്ലൂംബെർഗിന്റെ അഭിപ്രായത്തിൽ, ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 16 യുഎസ് സൈനിക വിമാനങ്ങളെങ്കിലും നശിപ്പിക്കപ്പെട്ടു. 10 റീപ്പർ ഡ്രോണുകൾ ആക്രമിക്കപ്പെട്ടു, ആക്രമണങ്ങളിലോ അപകടങ്ങളിലോ മറ്റ് 6 വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ഇറാൻ ഇന്നു ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സ്‌ട്രൈക്ക് പാക്കേജ് നേരിടേണ്ടിവരുമെന്ന് യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതിനിടെ, ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തിന് സുരക്ഷയൊരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന് യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും അറിയിച്ചു. ഊർജ വിപണിയിൽ സ്ഥിരത വീണ്ടെടുക്കാൻ നടപടിയെടുക്കുമെന്നും യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, ജപ്പാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.‘ഹോർമുസിലെ വാണിജ്യ കപ്പൽ ഗതാഗത്തിന് തടസമുണ്ടാക്കുന്ന രീതിയിൽ മൈനുകൾ സ്ഥാപിക്കുകയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നത് ഇറാൻ ഉടൻ അവസാനിപ്പിക്കണം’– ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെറുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.












































