ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം കേന്ദ്രമന്ത്രിമാർ വിലയിരുത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി സംസാരിച്ചേക്കും. വ്യാപാര കരാറിൻറെ കരട് ഏതാണ്ട് തയ്യാറാക്കിയതാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി അമേരിക്ക. റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയും ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് മുമ്പ് അമേരിക്കയുമായി പുതിയ വ്യാപാര കരാറുകൾ ഉണ്ടാക്കിയില്ലെങ്കിൽ കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നടപടി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും രൂക്ഷമായി വിമർശിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ റഷ്യയുമായി ഇന്ത്യ നടത്തുന്ന വ്യാപാരം നല്ലതല്ലെന്നും ട്രംപ് തന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു.