ലണ്ടൻ: ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷം അതി രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നീക്കം എതിർത്ത് യുഎഇ. പിഎസ്എൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് പിഎസ്എൽ മത്സരങ്ങൾ നടത്തുന്നതിൽ യുഎഇ താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. ഇതിനു പുറമേ സുരക്ഷാ കാരണങ്ങളും യുഎഇയിലുള്ള ഇന്ത്യ, പാക്കിസ്ഥാൻ പൗരൻമാർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും പിഎസ്എൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നതിൽനിന്ന് യുഎഇയെ പിന്നോട്ടു വലിക്കുന്നു.
മാത്രമല്ല എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തുന്നതിനു മുൻപാണ്, പിഎസ്എൽ മത്സരങ്ങൾ ദുബായിലേക്ക് മാറ്റുന്നതായി പിസിബി പ്രഖ്യാപിച്ചതെന്നാണ് വിവരം. അതിനാൽതന്നെ ആതിഥ്യം വഹിക്കാനാകില്ലെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് പിസിബിയെ അറിയിക്കും. ഇതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്.
കൂടാതെ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ പിഎസ്എൽ മത്സരങ്ങൾ നടത്തുന്നത് വൻ സുരക്ഷാ ഭീഷണി സൃഷ്ടിച്ചേക്കുമെന്നാണ് എമിറേറ്റ്സ് ബോർഡിന്റെ ആശങ്ക. മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ പിസിബിയുമായി സഹകരിക്കുന്നത്, അവരുടെ പങ്കാളികളാണ് എമിറേറ്റ്സ് ബോർഡെന്ന അനാവശ്യ വ്യാഖ്യാനത്തിന് വഴിതെളിക്കുമെന്ന ആശങ്കയുമുണ്ട്.
അടുത്തിടെയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) അടുത്ത ബന്ധമാണ് എമിറേറ്റ്സ് ബോർഡിനുള്ളത്. 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് നടത്തിയതും ഐപിഎൽ മത്സരങ്ങൾക്ക് വേദിയൊരുക്കിയതും 2025ലെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയൊരുക്കിയതും ഈ ബന്ധം സുദൃഢമാക്കി’ – ബോർഡ് പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാക് ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ പാക്കിസ്ഥാനിൽനിന്ന് മാറ്റിയത്. ഇനിയുള്ള പിഎസ്എൽ മത്സരങ്ങൾക്ക് യുഎഇ ആയിരിക്കും വേദിയാകുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചിരുന്നു. നിലവിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടി, മുൾട്ടാൻ, ലഹോർ എന്നിവിടങ്ങളിലായാണ് പിഎസ്എൽ മത്സരങ്ങൾ നടന്നിരുന്നത്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വിദേശ താരങ്ങൾ ഉൾപ്പെടെ പാക്കിസ്ഥാനിൽനിന്ന് മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.