ബുലാവായോ(സിംബാബ്‌വേ) അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യൻ കൗമാരപ്പട ഇത്തവണ തകർത്തത് സിംബാബ്‌വേയുടെ മടയിൽ കയറി. സൂപ്പർ സിക്‌സിൽ സിംബാബ്‌വെയ്‌ക്കെതിരെ 204 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 352 റൺസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ 37.4 ഓവറിൽ 148 റൺസിന് എല്ലാവരേയും കൂടാരം കയറ്റി.
സൂപ്പർ സിക്സിൽ നമ്പർ പോലെ തന്നെയായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം. ആറു ബോളിൽ ആറ് വിക്കറ്റ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹൻ, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്‌വെയെ തകർത്തത്. ഈ വിജയത്തോടെ സൂപ്പർ സിക്‌സ് പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി.
സിംബാബ്‌വെക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് അടിച്ചെടുത്തു. ഇന്ത്യക്കായി വൈഭവ് സൂര്യവംശി പതിവു വെടിക്കെട്ട് തന്നെ പുറത്തെടുത്തു. ഇതോടെ പവർപ്ലേയിൽ തന്നെ ടീം സ്‌കോർ കുതിച്ചുകയറി. U 19 ലോകകപ്പിൽ മൂന്നാമത്തെ അതിവേഗ അർധ സെഞ്ചുറിയാണ് ഇന്നലെ വൈഭവ് കുറിച്ചത്. 24 പന്തിലായിരുന്നു താരത്തിന്റെ അർധ സെഞ്ചുറി. ആരോൺ ജോർജ് (23), ആയുഷ് മാത്രെ (21) എന്നിവർക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 11-ാം ഓവറിൽ സ്‌കോർ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
പിന്നീടിറങ്ങിയ വേദാന്ത് ത്രിവേദി 15 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യൻ സ്കോർ ബോർഡ് പരുങ്ങലിലായി. പിന്നീട് വിഹാൻ മൽഹോത്രയും അഭിഗ്യാൻ കുൺഡുവും ടീമിനെ കരകയറ്റി. ഇരുവരും അഞ്ചാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സിംബാബ്‌വേ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ ഇരുന്നൂറ് കടത്തി. 113 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. അഭിഗ്യാൻ കുൺഡു(61) അർധസെഞ്ചുറിയോടെ തിളങ്ങി.
ഒരറ്റത്തു വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന വിഹാൻ മൽഹോത്രയാണ് ടീമിനെ മുന്നോട്ടു നയിച്ചത്. കനിഷ്‌ക് ചൗഹാൻ(3), ആർ.എസ്. അംബ്രിഷ് (21), ഖിലാൻ പട്ടേൽ (30) എന്നിവരും ചേർന്നതോടെ സ്‌കോർ മുന്നൂറ് കടന്നു. വിഹാൻ സെഞ്ചുറി തികച്ചതോടെ ടീം അമ്പത് ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 352 റൺസിലെത്തി. വിഹാൻ 107 പന്തിൽ നിന്ന് 109 റൺസെടുത്ത് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ബോളിങ് നിരയ്ക്ക് മുന്നിൽ സിംബാബ്‌വെയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 62 റൺസെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്‌വെ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. കിയാൻ ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങൾ. ഒരു ഘട്ടത്തിൽ നാലിന് 142 റൺസെന്ന നിലയിൽ ആയിരുന്ന സിംബാബ്‌വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കേവലം ആറ് റൺസിനിടെ നഷ്ടമാവുകയായിരുന്നു.














































