ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം. ലോകകപ്പ് മത്സരത്തിനെത്തിയ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങൾക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ ഖജ്‌റാന റോഡിൽ ഹോട്ടൽ മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. സംഭവത്തിൽ അഖ്വീൽ ഖാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിലെത്തിയ പ്രതി ക്രിക്കറ്റ് താരങ്ങളെ ബൈക്കിൽ പിന്തുടരുകയും അതിൽ ഒരാളെ അനാവശ്യമായി കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഉടൻ തന്നെ ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാന്നി സിമ്മൻസിനെ വിവരമറിയിക്കുകയും പരാതി നൽകുകയായിരുന്നു. പരാതിയിൽ അസിസ്റ്റന്റ് കമ്മീഷണർ ഹിമാനി മിശ്ര താരങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ബിഎൻഎസ് 74ഉം 78ഉം പ്രകാരം എംഐജി പോലീസ് സ്റ്റേഷൻ എഫ്‌ഐആർ രേഖപ്പെടുത്തി. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ മുമ്പും ക്രിമിനൽ കേസുണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.














































