തിരുവനന്തപുരം: ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് തൊട്ടു പിന്നാലെ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ഇതോടെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകി. ഉടൻ കുട്ടി ബോധരഹിതയാവുകയായിരുന്നു. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും മുൻപ് ഇന്നലെ 12.55ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആര്യനാട് പോലീസിൽ പരാതി നൽകി. സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച ഐഷ. പരാതിയിൽ ആര്യനാട് പോലീസ് കേസെടുത്തു.















































