പാറശ്ശാല: പുതിയ പിള്ളേർക്ക് 90 കളിലെ ബ്ലാക്ക് അൻഡ് വൈറ്റ് ടിവിയെ കുറിച്ച് എന്തറിയാം, അവർക്കത് ടിവിയല്ല ഇപ്പോഴത്തെ മൈക്രോവേവ് ഓവനാണ്. സ്വതന്ത്ര സ്ഥാനാർഥികളിൽ ചിലർക്ക് ലഭിച്ച ടെലിവിഷൻ ചിഹ്നമാണ് സ്ഥാനാർഥികൾക്കും പുതുതലമുറ വോട്ടർമാർക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ബാലറ്റിൽ പഴയ ടെലിവിഷന്റെ പടമാണ് ചിഹ്നമായി രേഖപ്പെടുത്തിയിട്ടുളളത്. ഈ ചിഹ്നം തന്നെയാണ് സ്ഥാനാർഥികൾ പോസ്റ്ററുകളിലും അഭ്യർഥനകളിലും പ്രിന്റ് ചെയ്യ്തിട്ടുളളത്. എന്നാൽ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാർഥി ടെലിവിഷൻ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ പുതുതലമുറ വോട്ടർമാർ ചേട്ടാ ഇതു ടിവിയല്ല ചിഹ്നം മൈക്രോവേവ് ആണെന്നു തിരുത്തിക്കൊടുക്കുകയാണ്.
പുതുതലമുറയിലെ വോട്ടർമാർക്ക് എൺതുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്ന വലിയ ടെലിവിഷനെ സംബന്ധിച്ച് അറിവില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്നു പഴയ തലമുറയിലെ സ്ഥാനാർഥികൾ പറയുന്നു. പുതുതലമുറ വോട്ടർമാർ കണ്ടിട്ടുളളത് വീതികുറഞ്ഞ എൽഇഡി, എൽസിഡി ടെലിവിഷനുകളെ മാത്രമാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുളള ടെലിവിഷൻ ചിഹ്നം വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന് സമാനമായിട്ടുളളതാണ്.
പഴയ വലിയ ടെലിവിഷൻ പെട്ടികൾ കണ്ടിട്ടില്ലാത്ത പുതുതലമുറയാണ് ചിഹ്നം മൈക്രോവേവല്ലേയെന്ന് തിരിച്ചു ചോദിക്കുമ്പോൾ വെള്ളംകുടിക്കുകയാണ് സ്ഥാനാർഥികൾ. പിന്നീട് മൈക്രോവേവ് ഓവനല്ല ഇത് ടെലിവിഷനാണെന്നും ടെലിവിഷനുകളുടെ പരിണാമങ്ങളും പുതുതലമുറ വോട്ടർമാരെ അവിടിരുത്തി പഠിപ്പിക്കേണ്ട അവസ്ഥയിലാണ് വോട്ടുതേടിയിറങ്ങുന്ന സ്ഥാനാർഥികൾക്ക്.

















































