വാഷിങ്ടൺ: ഒരു സ്ത്രീ എന്താണെന്ന ചോദ്യത്തിനു നിർവചനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ‘എന്താണ് സ്ത്രീ’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യം ട്രംപിനോട് ആരാഞ്ഞത്. എന്നാൽ ട്രംപ് നൽകിയ മറുപടിം ചർച്ചയാവുകയാണിപ്പോൾ. ‘കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്ന ആളാണ് സ്ത്രീ’, എന്നായിരുന്നു ട്രംപിന്റെ വിശദീകരണം. തന്റെ
ട്രാൻസ്ജെന്റേഴ്സിനോടുള്ള നിലപാട് വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്റെ മറുപടി.
ന്യൂജേഴ്‌സിയിലെ താത്കാലിക യുഎസ് അറ്റോണിയായി ട്രംപ് അലിന ഹബ്ബയെ നിയമിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘ഡെമോക്രാറ്റുകൾ ഈ ചോദ്യത്തിന് മറുപടി നൽകാൻ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടാണ് നിങ്ങളോട് ഈ ചോദ്യം. ഒരു സ്ത്രീ എന്താണ്? എങ്ങനെയാണ് സ്ത്രീയും പുരുഷനും തമ്മിലെ വ്യത്യാസം നമ്മൾ മനസിലാക്കേണ്ടത്?’, എന്നായിരുന്നു ചോദ്യം.
‘കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്ന ഒരാളാണ് സ്ത്രീ. അവൾക്ക് തുല്യതയുണ്ട്. പുരുഷനേക്കാൾ ബുദ്ധിശാലികളാണ് സ്ത്രീകൾ എന്നാണ് ഞാൻ മനസിലാക്കിയത്. പുരുഷന് വിജയിക്കാൻ ഒരു സാധ്യത പോലും നൽകാത്തവരാണ് സ്ത്രീകൾ’, എന്നായിരുന്നു ട്രംപിന്റെ മറുപടി. സ്ത്രീകളോട് പലപ്പോഴും അന്യായമായാണ് പെരുമാറിയിട്ടുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാർക്കും മത്സരിക്കാമെന്നത് പരിഹാസ്യമാണെന്ന് മാത്രമല്ല, അങ്ങേയറ്റം അന്യായവുമാണ്. അത് സ്ത്രീകളെ അനാദരിക്കുന്നതും അപമാനിക്കുന്നതുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. തന്റെ ട്രാൻസ് വിരുദ്ധ നിലപാട് ആവർത്തിക്കുന്നതായിരുന്നു ഈ വാക്കുകൾ.