വാഷിങ്ടൺ: മിനസോട്ടയിലെ മിനിയാപോളിസിൽ കുടിയേറ്റ ഏജൻസികളുടെ ശക്തമായ നടപടികൾക്കെതിരെ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ, ഇൻസറക്ഷൻ (കലാപം) ആക്ട് പ്രയോഗിച്ച് സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. മിനിയാപോളിസിൽ കുടിയേറ്റ ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ ഒരു ഇമിഗ്രേഷൻ ഓഫീസർ വെടിവെച്ച സംഭവത്തിന് മണിക്കൂറുകൾക്കുശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം കാലിൽ വെടിയേറ്റതായി അധികൃതർ വ്യക്തമാക്കി.
“മിനസോട്ടയിലെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾ നിയമം പാലിക്കുകയും, ഐ.സി.ഇ. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം തടയുകയും ചെയ്തില്ലെങ്കിൽ, ഞാൻ ഇൻസറക്ഷൻ ആക്ട് പ്രയോഗിക്കും,” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന മിനസോട്ടയെ ട്രംപ് ആഴ്ചകളായി രൂക്ഷമായി വിമർശിച്ചു വരികയാണ്. സംസ്ഥാനത്തെ സോമാലി വംശജരെക്കുറിച്ച് വിവാദപരമായ പരാമർശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
മിനിയാപോളിസിൽ ഫെഡറൽ സേന, തെരുവുകളിൽ പ്രതിഷേധം
ഇതിനകം ഏകദേശം 3,000 ഫെഡറൽ ഉദ്യോഗസ്ഥരെ മിനിയാപോളിസ് മേഖലയിൽ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. ആയുധധാരികളായും സൈനിക ശൈലിയിലുള്ള വേഷത്തിലും മുഖം മറച്ചുമാണ് ഇവർ നഗരത്തിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുന്നത്. ഇതിനെതിരെ നിവാസികൾ രാവും പകലും ശക്തമായ പ്രതിഷേധം തുടരുകയാണ്. അതേസമയം വെടിവെയ്പ്പ് നടന്ന സ്ഥലത്തിന് സമീപം ബുധനാഴ്ച രാത്രി വൻ ജനക്കൂട്ടം പ്രതിഷേധവുമായി എത്തി. ജനങ്ങളെ പിരിച്ചുവിടാൻ ഫെഡറൽ ഉദ്യോഗസ്ഥർ ഫ്ലാഷ്-ബാങ് ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ചു. തുടർന്ന് ചിലർ ഫെഡറൽ ഉദ്യോഗസ്ഥരുടേതെന്ന് കരുതുന്ന വാഹനം തകർക്കുകയും, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോഎമിനെതിരെ ചുവന്ന പെയിന്റിൽ ഭീഷണിപരമായ സന്ദേശം എഴുതുകയും ചെയ്തു.
പ്രതിഷേധത്തിനിടെ യു.എസ്. പൗരത്വമുള്ള അലിയ റഹ്മാൻ എന്ന യുവതിയെ മാസ്ക് ധരിച്ച കുടിയേറ്റ ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് ബലമായി പുറത്തെടുത്ത സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. “ഞാൻ വൈകല്യമുള്ള ആളാണെന്ന് പറഞ്ഞിട്ടും, അവർ എന്നെ മൃഗത്തെപ്പോലെ കെട്ടിവലിച്ചു,” റഹ്മാൻ റോയിറ്റേഴ്സിനോട് പ്രതികരിച്ചു. എന്നാൽ ഡിഎച്ച്എസ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി) ഇത് നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കാത്തതിനാൽ അക്രമകാരിയെ തടഞ്ഞതാണെന്നായിരുന്നു വകുപ്പിന്റെ വിശദീകരണം.
അതേസമയം വെടിയേറ്റത് ജൂലിയോ സീസർ സോസ-സെലിസ് എന്ന വെനിസ്വേലൻ പൗരനാണെന്ന് ഡിഎച്ച്എസ് അറിയിച്ചു. 2022-ൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് മാനവിക പാരോൾ പദ്ധതിയിലൂടെ ഇയാൾക്ക് യുഎസിൽ പ്രവേശനം ലഭിച്ചിരുന്നു. പിന്നീട് ട്രംപ് ഭരണകൂടം ഈ പദ്ധതി റദ്ദാക്കിയിരുന്നു. സോസ-സെലിസ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നും, ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് വെടിയുതിർത്തതെന്നും ഡിഎച്ച്എസ് അവകാശപ്പെട്ടു.
എന്നാണ് ഇൻസറക്ഷൻ ആക്ട്
1807-ലെ ഇൻസറക്ഷൻ (കലാപം) ആക്ട് പ്രകാരം കലാപം അടിച്ചമർത്താൻ സൈന്യത്തെയോ നാഷണൽ ഗാർഡിനെയോ വിന്യസിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്. യുഎസ് ചരിത്രത്തിൽ 30 തവണ ഈ നിയമം പ്രയോഗിച്ചിട്ടുണ്ടെന്ന് ബ്രെന്നൻ സെന്റർ ഫോർ ജസ്റ്റിസ് വ്യക്തമാക്കുന്നു. മിനസോട്ടയിലെ ട്രംപിന്റെ കടുത്ത നടപടികൾ റിപ്പബ്ലിക്കൻ പിന്തുണക്കാർക്കിടയിലും ഭിന്നത സൃഷ്ടിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.















































