വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ അടച്ച ലോകത്തിന്റെ ഇന്ധന ചാലായ ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നിർണ്ണായക നീക്കത്തിനായി യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സൈനിക സഹായവും തേടിയിട്ടുണ്ട്. ഹോർമൂസ് പിടിച്ചെടുക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങളോടും യുദ്ധകപ്പലുകൾ അയക്കാൻ ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍സഞ്ചാരം തടഞ്ഞാല്‍ ഖാർഗ് ദ്വീപിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതുമുൻനിർത്തി മിഡിൽ ഈസ്റ്റിലേക്ക് യു എസ് എസ് ട്രിപ്പളി ഉള്‍പ്പെടെ 3 വന്‍ പടക്കപ്പലുകളും 2200 നാവികരും കൂടി പുറപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്..
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുമെന്നും, ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നുമാണ് ട്രംപിന്റെ ആഹ്വാനം. ട്രംപിന്റെ ഈ പ്രഖ്യാപനം പശ്ചിമേഷ്യയിൽ യുദ്ധഭീതിയുടെ ഭീകരത വർദ്ധിപ്പിക്കുമെന്നതിനാൽ ലോകമൊന്നാകെ വലിയ ആശങ്കയിലാണ്. ഈ പോക്ക് എവിടെ ചെന്നവസാനിക്കുമെന്ന ചോദ്യവും ഉയരുകയാണ്.
ഇതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. അതിന്റെ വീഡിയോ അടക്കം അമേരിക്ക പുറത്തുവിടുകയുമുണ്ടായി. ഊർജ്ജ സംവിധാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലാകെ ഇരുട്ടായിരിക്കും ഫലമെന്ന ഇറാന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഖാര്‍ഗ് ദ്വീപിലെ ഇറാന്‍റെ പ്രധാന എണ്ണ ഉത്പാദന കയറ്റുമതി കേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഈ ദ്വീപിൽ നിന്നാണ് സാധ്യമാകുന്നത്. എന്നാൽ എണ്ണ കയറ്റുമതി കേന്ദ്രത്തെ ഒഴിവാക്കി ദ്വീപിലെ സൈനികതാവളം ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം അഴിച്ചുവിട്ടത്.
യുഎസിന്റെ ആദ്യ റൗണ്ട് ആക്രമണത്തിൽ തന്നെ തങ്ങളുടെ വ്യോമപ്രതിരോധം സജ്ജമായതായും ചെറുത്തുനില്ക്കാൻ കഴിഞ്ഞതായും ഇറാൻ അവകാശപ്പെട്ടു. അതിനെ ഖണ്ഡിക്കും വിധമാണ് ആക്രമണത്തിന്റെ വീഡിയോ ഡോണാൾഡ് ട്രംപ് പുറത്തുവിട്ടത്.
ഇറാന്റെ തിരിച്ചടിയും തുടരുകയാണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് നിലവിൽ, യു എ ഇയിൽ ഉൾപ്പടെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. അയൽ രാജ്യങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമാണ് ഏറ്റവും അവസാനം പുറത്തുവന്ന വൻ പ്രത്യാക്രമണം. അവിടുത്തെ ഹെലിപ്പാഡ് ആണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ആക്രമണത്തിൽ അഞ്ച് യു എസ് ഇന്ധന ടാങ്കറുകൾ ആക്രമിക്കപ്പെട്ടതായി വാൾ സ്ട്രിറ്റ് ജേണലിന്റെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഖത്തറിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചില താമസകേന്ദ്രങ്ങൾ താൽക്കാലികമായി ഒഴിപ്പിച്ചു. കുവൈത്തിൽ ഇന്ധന മേഖലയിലെ ആക്രമണത്തെ തുടർന്ന് വാതക ചോർച്ചയില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. യു എ ഇയിൽ സെന്‍ട്രൽ ദുബായിൽ ഇന്നലെയും ഡ്രോൺ അവശിഷ്ടം വീണു. തീപ്പിടുത്തമോ ആളപായമോ ഇല്ല.












































