വാഷിങ്ടൺ: ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുമ്പോളുള്ള പതിവ് ട്രം കാർഡ് പുറത്തെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ്. ഗ്രീൻലൻഡ് പൂർണമായും വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ ഈ നികുതി 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിങ്ഡം, നെതർലൻഡ്‌സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളെയാണ് നികുതി ബാധിക്കുക.
അതേസമയം ഇത്തരത്തിൽ തീരുവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കവെ ട്രംപ് സൂചിപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന് ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പൂർണ നിയന്ത്രണത്തിൽ കുറഞ്ഞത് ഒന്നും അംഗീകരിക്കാനാവില്ലെന്നാണ് ഈ ആഴ്ചയും ഗ്രീൻലൻഡിനെ കുറിച്ച് പറഞ്ഞത്. അതേസമയം അമേരിക്കയുടെ ഈ ആവശ്യത്തിന് ഏതാണ്ട് ഒന്നാം ലോകമഹായുദ്ധത്തിനടുത്ത് കാലപ്പഴക്കമുണ്ട്.
നിലവിൽ യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലൻഡ്. ദേശീയ സുരക്ഷാ താത്പര്യങ്ങൾ നിറവേറ്റുമെന്നും പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടുകൊണ്ട് ആണ് ട്രംപ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. എന്നാൽ യുഎസിനെതിരെ ഗ്രീൻലൻഡിൽ പ്രതിഷേധം ശക്തമാണ്. തലസ്ഥാനമായ നൂക്കിലെ തെരുവുകളിൽ യുഎസ് നീക്കത്തിനെതിരെയും സ്വയഭരണാധികാരത്തെ പിന്തുണച്ചും നൂറുകണക്കിനാളുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഗ്രീൻലൻഡിലെ ധാതുശേഖരത്തിൽ ചൈനയ്ക്കും റഷ്യയ്ക്കും കണ്ണുണ്ടെന്നും അതിനാൽ അമേരിക്ക അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യവുമാണെന്നാണ് ട്രംപിന്റെ വാദം. എന്നാൽ നിലവിൽ ഗ്രീൻലൻഡിന് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് സെനറ്റർ കൂൺസ് പറഞ്ഞു. ഗ്രീൻലൻഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഡെന്മാർക്കും ഗ്രീൻലൻഡും മാത്രമാണെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട്. അതേസമയം സഖ്യകക്ഷികളുമായി ചേർന്ന് ഗ്രീൻലൻഡിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഡെന്മാർക്കെന്നാണ് റിപ്പോർട്ട്.















































