വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതു കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവച്ചെന്നും തനിക്കു വിശ്വസനീയ കേന്ദ്രത്തിൽ നിന്നു വിവരം ലഭിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനാൽ ഇറാനു നേരെ ഉടൻ ആക്രമണമില്ലെന്ന ട്രംപ് സൂചനയും നൽകി. ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഞ്ച് മണിക്കൂർ അടച്ചിട്ടതിന് ശേഷം, രാത്രിയോടെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി വീണ്ടും തുറക്കുകയും ചെയ്തു.
അതേസമയം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞുവെന്നും തിങ്കളാഴ്ചയ്ക്കുശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണു വിവരം. എന്നാൽ ഭീകരബന്ധമാരോപിച്ചുള്ള അറസ്റ്റുകൾ രാജ്യമെങ്ങും ഇന്നലെയും തുടർന്നു. ഇന്റർനെറ്റ് നിരോധനം പിൻവലിച്ചിട്ടില്ല. രാവിലെ 4 മണിക്കൂറുകളോളം വ്യോമപാത ഇറാൻ അടച്ചു. ഒട്ടേറെ രാജ്യാന്തര വിമാനസർവീസുകൾ വഴിതിരിച്ചുവിട്ടു. ഉച്ചയോടെ വ്യോമപാത തുറന്നു.
പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടെന്നും സമരക്കാരെ കൊല്ലുന്നതു നിർത്തിയെന്നും തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചെന്നാണു ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ദിവസങ്ങളായി ഉയർന്നുനിന്ന എണ്ണ, സ്വർണവിലകളിൽ ഇടിവുണ്ടായി. അതിനിടെ, ഇറാൻ വിഷയത്തിൽ യുഎൻ രക്ഷാസമിതി യോഗം ചേർന്നു.
അതേസമയം രണ്ടാഴ്ചത്തെ പ്രക്ഷോഭത്തിൽ 153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (ഹ്രന) റിപ്പോർട്ട് ചെയ്തു.












































