തിരുനാവായ: മഹാമാഘ ഉത്സവത്തിന് തിരുനാവായയിൽ തിരക്കു വർദ്ധിക്കുന്ന സാഹചര്യത്തിൽ നോർത്ത് റെയിൽവേ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു വണ്ടികളാണ് പ്രത്യേക സർവ്വീസ് നടത്തുക. എറണാകുളം വരെയാണ് സർവീസ് .
വാരണാസി-എറണാകുളം സ്‌പെഷ്യൽ ട്രെയിൻ (04358) 30ന് വൈകീട്ട് 4.30-ന് വാരണാസി ജങ്ഷനിൽനിന്ന് യാത്രതുടങ്ങും. ജബൽപുർ, നാഗ്പുർ ജങ്ഷൻ, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലൂടെ എത്തുന്ന ഈ വണ്ടി പിറ്റേന്ന് വൈകീട്ട് 5.43-ന് പാലക്കാടെത്തും. 7.03-ന് തൃശ്ശൂരിലും 8.23-ന് ആലുവയിലുമെത്തുന്ന ട്രെയിൻ 10-ന് എറണാകുളം ജങ്ഷനിൽ യാത്രയവസാനിപ്പിക്കും. ഫെബ്രുവരി മൂന്നിന് രാത്രി എട്ടിന് മടങ്ങുന്ന വണ്ടി 8.28-ന് ആലുവയിലും 9.38-ന് തൃശ്ശൂരിലും 11.18-ന് പാലക്കാട്ടുമെത്തും.
30-ന് രാവിലെ ഏഴിനാണ് യോഗ് നാഗരി ഹൃഷികേശിൽനിന്നുള്ള രണ്ടാമത്തെ തീവണ്ടി കേരളത്തിലേക്ക് പുറപ്പെടുക. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.50-ന് മംഗലാപുരത്തെത്തും. 1.53-ന് കാസർകോടും 2.23-ന് കണ്ണൂരിലും 5.08-ന് കോഴിക്കോടും 5.44-ന് തിരൂരിലുമെത്തുന്ന തീവണ്ടി ആറിന് കുറ്റിപ്പുറത്തും 6.30-ന് ഷൊർണൂരിലുമെത്തും. രാത്രി 11.30-ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഫെബ്രുവരി മൂന്നിനു രാത്രി 11-ന് എറണാകുളത്തുനിന്ന് തിരിച്ച് പുറപ്പെടും. പുലർച്ചെ 2.45-ന് കുറ്റിപ്പുറം, 3.05-ന് തിരൂർ, 4.10 -ന് കോഴിക്കോട്, 5.48-ന് കണ്ണൂർ, 7.28-ന് കാസർകോട്, 9.10-ന് മംഗലാപുരം എന്നിങ്ങനെയാണ് സമയം. ഫെബ്രുവരി ആറിനു വൈകീട്ട് 4.15-ന് യോഗ് നാഗരി ഹൃഷികേശിലെത്തും.
പ്രത്യേകം അനുവദിക്കപ്പെട്ട രണ്ട് ട്രെയിനുകൾക്കു പുറമെ സ്ഥിര സർവ്വീസ് നടത്തുന്ന മൂന്നു തീവണ്ടികൾക്ക് കുറ്റിപ്പുറത്ത് താത്കാലിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി റെയിൽവേമന്ത്രാലയവുമായി നടത്തിയ ഇടപെടലിനേത്തുടർന്നാണിത്. ജനുവരി 31-ന് രാവിലെ 3.34-ന് 16355 നമ്പർ അന്ത്യോദയ എക്‌സ്പ്രസ്സും 26, 31 തീയതികളിൽ രാവിലെ 6.59-ന് 12081 നമ്പർ ജനശതാബ്ദി എക്‌സ്പ്രസ്സും കുറ്റിപ്പുറത്ത് നിറുത്തും. 30,31 തീയതികളിൽ രാവിലെ 2.14-ന് 12685 നമ്പർ ചെന്നൈ- മംഗളൂരു സൂപ്പർഫാസ്റ്റിനും കുറ്റിപ്പുറത്ത് സ്റ്റോപ്പുണ്ടാകും.

















































