നെന്മാറ: സജിത കൊലക്കേസ് പ്രതിയും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായ ചെന്താമര (58) ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിൽ എത്തിയതെന്ന് അന്വേഷണ റിപ്പോർട്ട്. ഒന്നര മാസം മുൻപ് കേസിൽ ജാമ്യം ലഭിച്ച ചെന്താമരയോട് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചിരുന്നു. ഇതു ലംഘിച്ചാണ് പ്രതി കഴിഞ്ഞ 45 ദിവസമായി നെന്മാറയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നത്.
കൂടാതെ സുധാകരന്റെ കുടുംബത്തിനെതിരെ പരസ്യമായി ചെന്താമര കൊലവിളി മുഴക്കിയിട്ടും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാതിരുന്നത് നെന്മാറ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയെന്ന് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഒരു മാസം മുൻപ് സുധാകരനും കുടുംബവും ചെന്താമരയ്ക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഇയാളെ ശാസിച്ചു വിടുകയാണ് പോലീസ് ചെയ്തതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. നെന്മാറ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ കടുത്ത അലംഭാവമാണ് കാണിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും.
പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന
അതേസമയം നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കൊലപാതക ശേഷം സുധാകരന്റെ വീടിനു പിന്നിലെ പാടത്തിലൂടെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അരക്കമലയിലും വനത്തിലുമായാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണത്തിന് നാലു പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചെന്താമരയുടെ ചില ബന്ധുക്കൾ തിരുപ്പൂരിലുണ്ടെന്ന സൂചന ലഭിച്ചതോടെ, ഇയാൾക്കായുള്ള തിരച്ചിൽ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. ആലത്തൂർ പോലീസിന്റെ നേതൃത്വത്തിൽ ചെന്താമരയുടെ സഹോദരനുമായി ഒരു സംഘം തിരുപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിക്കായി ഡ്രോൺ പരിശോധനയും പോലീസ് ആരംഭിച്ചു. പോത്തുണ്ടി മലയടിവാരത്തും പോലീസ് പരിശോധന നടത്തുകയാണ്.
അതേസമയം, ചെന്താമരയുടെ വീട്ടിൽനിന്നും കൊലപാതകത്തിന് ഉപയോഗിച്ചെന്നു കരുതുന്ന കൊടുവാളും പാതി ഒഴിഞ്ഞ വിഷക്കുപ്പിയും പോലീസ് കണ്ടെത്തി. 2019ൽ സജിതയെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാളിന് സമാനമാണ് ഇരട്ടക്കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളെന്നാണ് നിഗമനം. അതേസമയം വിഷം കഴിച്ച ശേഷമാണോ ചെന്താമര ഒളിവിൽ പോയതെന്നും സംശയമുണ്ട്.