പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ പ്രവര്‍ത്തകനെ ആക്ഷേപിച്ച സംഭവത്തില്‍ വിശദീകരണവുമായി ചോദ്യം ചോദിക്കാൻ വന്നയാൾ.
കോന്നി അട്ടച്ചാക്കൽ സ്വദേശി സിപിഎം പ്രവർത്തകനായ ദാസ് പി.ജോർജാണ് ചോദ്യം ചോദിക്കാനായി എണീറ്റത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റാണെന്നു ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘‘മുഖ്യമന്ത്രി വികസന കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ഭരണം കിട്ടുമെന്ന് ഉറപ്പാണല്ലോ? കിഫ്ബിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. 20000 കോടിയുടെ വികസനം കിഫ്ബി നടത്തി. ഭരണം കിട്ടുമ്പോൾ, തുടർന്നുള്ള വികസനത്തിന് ഫണ്ട് എവിടെനിന്ന് കിട്ടുമെന്നു ചോദിക്കാനാണ് ഉദ്ദേശിച്ചത്.
അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതായി തോന്നിയിരിക്കാം. അതിനാലാകും അങ്ങനെ പറഞ്ഞത്. വിഷമം തോന്നിയില്ല. ഞാൻ ചോദിച്ചത് തെറ്റാണ്. ആ വേദിയിൽ ചോദിക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയിലാണ് ചോദ്യം ഉണ്ടായതെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ബസിലാണ് ഇവിടെനിന്ന് പരിപാടിക്കായി പോയത്. പ്രസംഗം കേട്ടശേഷം ബസിൽ തിരികെ വന്നു. പൊലീസ് ഒന്നും ചോദിച്ചില്ല. ചോദ്യം ചെയ്തിട്ടില്ല. കസേരയിൽ ഇരുന്ന് പൂർണമായി പ്രസംഗം കേട്ടശേഷമാണ് മടങ്ങിയത്. പാർട്ടിയുടെ എല്ലാ പരിപാടിയിലും പങ്കെടുക്കാറുണ്ട്. പ്രാദേശിക നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹമുണ്ട്. ഇനിയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കും. അദ്ദേഹം വികസനം നടപ്പിലാക്കുന്ന വ്യക്തിയാണ്’’– ദാസ് പി.ജോർജ് പറഞ്ഞു.













































