മുംബൈ: ഭീകരാക്രമണത്തിന് നാല് ദിവസം മുൻപ് ഭീകരർ പഹൽഗാമിൽ എത്തിയെന്ന സൂചന നൽകുന്ന ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിനു മുൻപ് പഹൽഗാം സന്ദർശിച്ച പുണെ മലയാളിയായ ശ്രീജിത്ത് രമേശൻ പകർത്തിയ വീഡിയോയിലാണു ഭീകരർ എന്നു സംശയിക്കുന്ന 2 പേരുടെ ദൃശ്യങ്ങൾ പതിഞ്ഞത്.ശ്രീജിത്തിന്റെ 6 വയസ്സുകാരിയായ മകൾ നൃത്തം ചെയ്യുന്നതിനിടെ പിന്നിലൂടെ 2 പേർ നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്.
ഭീകരാക്രമണം നടന്ന ബൈസരൺവാലി മേഖലയിൽ നിന്ന് ഏഴര കിലോമീറ്റർ അകലെ ബേതാബ് വാലിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഈ മാസം 18നാണ് ഈ മലയാളി കുടുംബം കശ്മീരിലെത്തിയത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 24ന് പുണെയിൽ തിരിച്ചെത്തി.പൊലീസ് പുറത്തുവിട്ട ഭീകരരുടെ 4 ചിത്രങ്ങൾ കണ്ടപ്പോഴാണ് സാമ്യം തോന്നിയതെന്ന് ശ്രീജിത്ത് പറഞ്ഞു. അവരുടെ ഹെയർസ്റ്റൈൽ, ശരീരപ്രകൃതി എന്നിവയിൽ സാമ്യം തോന്നി.
ഇക്കാര്യം ഡൽഹി എൻഐഎ ഓഫിസിൽ അറിയിച്ച ശ്രീജിത്ത്, മുംബൈ എൻഐഎ ഓഫിസിലെത്തി ദൃശ്യങ്ങൾ കൈമാറി. വിശദമായ മൊഴിയും രേഖപ്പെടുത്തി.