വാഷിംഗ്ടൺ: ട്രംപിൻ്റെ വ്യാപാര നയങ്ങൾക്ക് യുഎസ് സുപ്രീം കോടതി വിധി തിരിച്ചടിയായെങ്കിലും പ്രസിഡൻ്റിൻ്റെ അധികാരമുപയോഗിച്ച് താരിഫ് 15 ശതമാനമായി ഉയർത്തിയത് പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപിന്റെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയറ്റുമതി മേഖലയിൽ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സാധ്യതകളാണ് വിദഗ്ധർ മുന്നിൽ കാണുന്നത്.
പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് പുതിയ പ്രതിസന്ധി. ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്നത് കോടതി വിധിയിൽ വ്യക്തമാണ്.
ആഗോള വ്യാപാര മേഖലയിൽ ഒരു വർഷത്തോളമായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിനാണ് യുഎസ് സുപ്രീംകോടതി പ്രതീക്ഷ പകർന്നത്. കോടതി താരിഫ് റദ്ദാക്കിയെങ്കിലും തൊട്ടുപിന്നാലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് തിരിച്ചടിച്ചു. ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിലെ കയറ്റുമതി മേഖലയിൽ വീണ്ടുമൊരു ഹ്രസ്വകാല അനിശ്ചിതത്വത്തിന് ഇത് കാരണമായി.
സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ1974 ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ആഗോള തീരുവ 15 ശതമാനമായി ഉയർത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ ഇത് 10 ശതമാനമായിരുന്നു. ദേശീയ അടിയന്തരാവസ്ഥാ നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത് പ്രസിഡന്റിന്റെ അധികാരപരിധിക്ക് പുറത്താണെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെ തമാശ എന്ന് വിശേഷിപ്പിച്ച ട്രംപ്, പുതിയ നിയമവഴിയിലൂടെ താരിഫുകൾ ഉടനടി പ്രാബല്യത്തിൽ വരുത്തി. രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണിത്. ഇതനുസരിച്ച് ഫെബ്രുവരി 24 മുതൽ പുതിയ തീരുവകൾ നിലവിൽ വരും.
ട്രംപിന്റെ ഈ പുതിയ തീരുമാനത്തോട് വിപണി എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. സ്വർണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേങ്ങൾക്ക് ഡിമാൻഡ് കൂടാനാണ് സാധ്യത. വരുംദിവസങ്ങളിലെ വിപണി നീക്കങ്ങൾ പുതിയ താരിഫ് വ്യവസ്ഥകളോടുള്ള ആഗോള പ്രതികരണങ്ങളെ ആശ്രയിച്ചായിരിക്കും.















































