അഹമ്മദാബാദ്: ഒരു അവസാന ശ്രമമെന്ന നിലയിൽ 4 ദിവസം മുൻപാണ് ഐപിഎലിനിടെ ലഭിച്ച ‘അവധി’ ആഘോഷിക്കാനായി സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ ടീം ഉടമ കാവ്യ മാരൻ മാലദ്വീപിലേക്കു വിട്ടത്. തകർന്നു നിൽക്കുന്ന ടീമിന്റെ മനോബലം തിരിച്ചുപിടിക്കാൻ ഈ അവധി ആഘോഷം സഹായിക്കുമെന്നായിരുന്നു കാവ്യയുടെ കണക്ക് കൂട്ടൽ. പക്ഷേ, കാവ്യയ്ക്കു ആ കാശും പോയി. അവധി ആഘോഷിച്ച് തിരിച്ചെത്തിയ ഹൈദരാബാദിന് ആഘോഷത്തിന്റെ ആലസ്യത്തിൽ നിന്ന് കരകയറാനായില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോറ്റത് 38 റൺസിന്.
സൺറൈസേഴ്സിന്റെ മത്സരങ്ങൾക്കിടെ ഒരാഴ്ചത്തെ ഇടവേള വന്നതോടെയാണ് ടീമിനെ ഒന്നടങ്കം മാലദ്വീപിൽ ഉല്ലാസയാത്രയ്‌ക്ക് അയച്ചത്. ഏപ്രിൽ 25ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ചെന്നൈയിൽ നടന്ന മത്സരത്തിനു പിന്നാലെയാണ് ടീം ഇന്ത്യ വിട്ടത്. തുടർന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനു മുന്നോടിയായാണ് തിരിച്ചെത്തിയത്. ഐപിഎൽ സീസണിനിടെ ടീമംഗങ്ങളെ ഒന്നടങ്കം വിദേശത്ത് അവധിയാഘോഷത്തിന് അയയ്ക്കുന്ന ആദ്യ ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്.
മാലദ്വീപിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സൺറൈസേഴ്സിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും വിവിധ താരങ്ങളുടെ പേജുകളിലും പങ്കുവച്ചിരുന്നു. താരങ്ങളുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും മാലദ്വീപ് യാത്രയ്‌ക്കുണ്ടായിരുന്നു. എന്നാൽ, ഈ യാത്രകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നാണ് ഗുജറാത്തിനെതിരായ മത്സരഫലം തെളിയിക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 224 റൺസ്. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ പോരാട്ടം 186ൽ അവസാനിച്ചു. ഈ വിജയത്തോടെ ഗുജറാത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ, ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറക്കുറെ അസ്തമിക്കുകയും ചെയ്തു.
225 റൺസ് പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ട്രാവിസ് ഹെഡ്– അഭിഷേക് ശർമ സഖ്യം മിന്നൽ തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിൽ ഹെഡിനെ (16 പന്തിൽ 20) വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് പ്രതീക്ഷ നൽകി. പിന്നാലെ ഇഷൻ കിഷനെ (17 പന്തിൽ 13) കൂട്ടുപിടിച്ച് ഒന്നിന് 57 എന്ന നിലയിൽ അഭിഷേക് പവർപ്ലേ അവസാനിപ്പിച്ചു. വൈകാതെ ഇഷനെ ജെറാൾഡ് കോട്സെ പുറത്താക്കി.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഭിഷേക്– ഹെയ്ൻറിച് ക്ലാസൻ (18 പന്തിൽ 23) സഖ്യം 33 പന്തിൽ 57 റൺസ് ചേർത്ത് ഹൈദരാബാദിന് വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും അഭിഷേകിനെ (41 പന്തിൽ 71) ഇഷാന്ത് ശർമ വീഴ്ത്തിയതോടെ മത്സരത്തിൽ ഗുജറാത്ത് മേൽക്കൈ നേടി. തൊട്ടടുത്ത ഓവറിൽ ക്ലാസനെ പ്രസിദ്ധ് പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകൾ അവസാനിച്ചു. നേരത്തെ, ശുഭ്മൻ ഗിൽ (38 പന്തിൽ 76), ജോസ് ബട്‌ലർ (37 പന്തിൽ 64) എന്നിവരുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്കോർ കണ്ടെത്തിയത്. സായ് സുദർശനും (23 പന്തിൽ 48) ഗുജറാത്തിനായി തിളങ്ങി. ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് 3 വിക്കറ്റ് വീഴ്ത്തി.
Beach, volleyball, and more – Team bonding retreat session in full flow 💯🏐 pic.twitter.com/fwlu2baEIj
— SunRisers Hyderabad (@SunRisers) April 28, 2025