കൊച്ചി: അയൽക്കാരുടേയും പോലീസിന്റേയും അവസരോചിത ഇടപെടലിൽ ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ നിർണായക ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പോലീസ്. ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് അയൽക്കാർ എറണാകുളം ടൗൺ സൗത്ത് പോലീസിൽ അറിയിക്കുകയായിരുന്നു. കേട്ടപാതി ഓടിയെത്തിയ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കയറിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ കുടുംബനാഥനെ. ഉടൻ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചതിന്റെ കഥയാണു പോലീസ് സമൂഹമാധ്യത്തിൽ പങ്കുവെച്ചത്.
സംഭവം ഇങ്ങനെ- എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥർക്ക് 112 ൽ നിന്ന് ഒരു അറിയിപ്പ് കിട്ടി. കൊച്ചുക ടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നു, അവിടെ ആരോ കയറിയിട്ടുണ്ട്. പരിസരവാസികൾ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദേശം. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിങ് ടീം പരിസരവാസികളോടു കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നും, എന്നാൽ ഇന്നലെ വൈകുന്നേരം കുടുംബനാഥനെ പരിസരത്തു കണ്ടതായും അവർ പറഞ്ഞു.
പിന്നാലെ പോലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി. മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പോലീസ് കണ്ടത് ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. പിടയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പോലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്ത് അവിടെ ഐസിയു ഒഴിവില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു.
ഇതിനിടെ കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു പോലീസ് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പിആർഒയെ കണ്ട് അവിടെ നിന്നു കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പോലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. സബ് ഇൻസ്‌പെക്ടർ പി.ജി. ജയരാജ്, സിവിൽ പോലീസ് ഓഫിസർമാരായ നിതീഷ്, സുധീഷ് എന്നിവരാണ് ഒരു ജീവൻ രക്ഷിച്ചത്.