തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല.
അതേസമയം വീട്ടുകാരുടെ ആരോപണം തെറ്റാണെന്ന് ആരോപണ വിധേയനായ ക്ലർക്ക് പറഞ്ഞു. ഇന്നലെ പ്രിൻസിപ്പലിന്റെ മേശപ്പുറത്തിരുന്ന സീൽ വിദ്യാർഥി എടുക്കാൻ ശ്രമിച്ചപ്പോൾ താൻ തടഞ്ഞെന്നും സീൽ ഏതാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോൾ വഴക്കുണ്ടാക്കിയെന്നും ക്ലർക്ക് വെളിപ്പടുത്തി. എന്തിനാണ് സീലുകൾ എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞിട്ടാണ് എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.
നിനക്ക് സീൽ അറിയത്തില്ലാത്തതുകൊണ്ട് പറഞ്ഞ ടീച്ചറോട് വന്ന് എടുക്കാൻ താൻ മറുപടി പറഞ്ഞു.
പിന്നാലെ വിദ്യാർഥി തന്നോട് വഴക്കിട്ട് റൂമിൽ നിന്ന് പോയി എന്നാണ് ക്ലർക്കിന്റെ വിശദീകരണം. പക്ഷെ കുട്ടിയുടെ പേരോ, ക്ലാസോ തനിക്കറിയില്ലെന്നും പ്രിൻസിപ്പലിനോട് ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും ക്ലർക്ക് അറിയിച്ചു. ഇന്ന് രാവിലെയാണ് പ്രിൻസിപ്പൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായോ എന്ന് തന്നോട് ചോദിച്ചത്. വിദ്യാർത്ഥി മരിച്ചു എന്ന് താൻ അറിയുന്നത് 11 മണിയോടെ ഒരു പോലീസുകാരൻ വിളിച്ചപ്പോൾ മാത്രമാണെന്നും ക്ലർക്ക് പ്രതികരിച്ചു.
സൈൻ ചെയ്ത അസൈൻമെന്റ് സീൽ വയ്ക്കാൻ കൊണ്ടുചെന്നപ്പോൾ ‘നിൻ്റെ അപ്പൻ്റെ വകയാണോ സീൽ’ എന്ന് ക്ലർക്ക്, രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ, സ്കൂൾ വിദ്യാർഥിയുടെ തൂങ്ങി മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ
എന്നാൽ സംഭവത്തിനു ശേഷം കുട്ടി ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ക്ലർക്കിനോട് അതിനേക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു. രാത്രിയായപ്പോൾ ഇന്നു ലീവാണെന്നു തനിക്ക് മെസേജ് അയച്ചുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ ഇന്ന് രാവിലെയാണ് സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് സ്കൂളിലെ ക്ലർക്കിനെതിരെ കുടുംബം രംഗത്തെത്തി. ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.