കോഴിക്കോട്: തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്ത നിലയില്‍. വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്‌റ്റേറ്റിന് സമീപത്താണ് സംഭവം. വാറോള്ള മലയില്‍ മാതുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.
കൂടിന്‍റെ വാതില്‍ തകര്‍ത്താണ് നായകൾ അകത്തുകയറിയത്. ആക്രമണത്തില്‍ രണ്ട് ഗര്‍ഭിണികളായ ആടുകളും ഒരു ആട്ടിന്‍ കുട്ടിയുമാണ് ചത്തത്. മാതുവിന്‍റെ മകന്‍ ബാബു രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിന്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇതിനടുത്തായി ആട്ടിന്‍കുട്ടിയെ തെരുവുനായ കടിച്ച് കൊന്നിരുന്നു.ഈ വർഷം മാർച്ച് വരെ തിരുവനന്തപുരത്ത് നായകളുടെ കടിയറ്റത് 15,718 പേർക്കാണ്.
കൊല്ലത്ത് 12,654. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് 50,870 പേർക്ക് കടിയേറ്റു. 2019ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2.80 ലക്ഷത്തിലധികം തെരുവ് നായകളുണ്ടായിരുന്നുവെന്നാണ് കണക്ക്. ഇപ്പോൾ അത് എത്രയെന്നതിന് കൃത്യമായ കണക്കില്ല. പുതിയ സെന്‍സസ് നടത്തിയെങ്കിലും കണക്ക് ക്രോഡീകരിച്ചിട്ടില്ല.
പ്രധാന റോഡുകളിൽ, ഇടവഴികളിൽ, ആൾക്കൂട്ടത്തിനിടയിൽ കൂട്ടമായും ഒറ്റയ്ക്കും നായകളുണ്ട്. എപ്പോൾ വേണമെങ്കിലും എവിടെ നിന്നും കുരച്ചെത്താം, ചാടി വീഴാം. നായകളെ പേടിച്ച് വേണം രാത്രിയിൽ പുറത്തിറങ്ങാനെന്ന് സെക്യൂരിറ്റി ജീവനക്കാർ പറയുന്നു.