ടെഹ്‌റാൻ: മുൻകൂർ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകൾ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. യു.എസ്–ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാൻ നാവികസേന ഇത്തരമൊരു റേഡിയോ സന്ദേശം പുറത്തുവിട്ടത്. കടലിടുക്ക് കടക്കാൻ ഇറാൻ നാവികസേനയുടെ അനുമതി നിർബന്ധമാണെന്നും, അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നതായാണ് വിവരം.
ഹോർമുസ് വഴിയുള്ള കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും ഇറാൻ ആലോചിക്കുന്നതായി സൂചനകളുണ്ട്. ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം ഈടാക്കുന്നതിനൊപ്പം, പദ്ധതിയിടുന്നുണ്ട്. ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം ടോൾ നൽകണം. ഈ തുക ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും റിപ്പോർട്ടുകളുണ്ട്.
കപ്പലുകൾ തങ്ങളുടെ ചരക്ക് വിവരങ്ങൾ മുൻകൂട്ടി ഇ മെയിൽ ചെയ്യണമെന്നും എത്ര തുകയാണ് നൽകേണ്ടതെന്ന് അധികൃതർ അറിയിക്കുമെന്നും ഇറാൻ പെട്രോളിയം കയറ്റുമതി യൂണിയൻ വക്താവ് ഹമീദ് ഹൊസൈനി വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോർമുസ് മേഖലയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും സംഘർഷപരമാണ്. യുദ്ധവിമാനങ്ങൾ നിരീക്ഷണം തുടരുന്ന സാഹചര്യത്തിൽ, പല കപ്പലുകളും സുരക്ഷിതത്വ ആശങ്കകൾ മൂലം കടലിൽ നങ്കൂരമിട്ട് കാത്തിരിക്കുകയാണ്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ പ്രധാന വഴികളിലൊന്നായ ഹോർമുസ് കടലിടുക്ക്, ഇറാനും ഒമാനും തമ്മിലുള്ള തന്ത്രപ്രധാന കടൽപാതയാണ്. ഈ മേഖലയിലെ നിയന്ത്രണം വിട്ടുകൊടുക്കാൻ ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് പുതിയ നീക്കങ്ങൾ നൽകുന്നത്.
അതേസമയം, അടുത്ത ദിവസങ്ങളിൽ പാക്കിസ്ഥാനിൽ യു.എസ്–ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതിനുമുമ്പായി നിയന്ത്രിത രീതിയിൽ കടലിടുക്ക് തുറക്കാനുള്ള നീക്കങ്ങളും ഉണ്ടായേക്കാമെന്ന സൂചനകളുണ്ട്.













































