തിരുവനന്തപുരം: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തോരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് ബാലറ്റിൽ പേരെഴുതാത്തതിന്റെ പേരിൽ വോട്ട് അസാധുവായത്. തെരഞ്ഞെടുപ്പിൽ ബാലറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
അതേസമയം സാധാരണ ഗതിയിൽ കൗൺസിലർമാർക്ക് ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത ഒരു പോലീസ് ഉദ്യോഗസ്ഥയായിരുന്നയാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനാൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എൽഡിഎഫും യുഡിഎഫും ഉയർത്തുന്നുണ്ട്.
എട്ട് സ്ഥിരം സമിതികളിൽ 3 സമിതികളിൽ മാത്രമാണ് ക്വാറം തികഞ്ഞത്. മാനദണ്ഡ പ്രകാരമുള്ള അംഗങ്ങളുടെ എണ്ണം തികയാത്തതിനാൽ കോർപറേഷനിലെ 5 സ്ഥിര സമിതികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ധനകാര്യം, വികസനം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ- കായിക സ്ഥിര സമിതികളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തും.
അതേസമയം ബിജെപി അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ക്ഷേമകാര്യ സ്ഥിരസമിതിയിൽ അധ്യക്ഷയായി വെള്ളാർ വാർഡ് കൗൺസിലർ വി. സത്യവതിയും നഗരാസൂത്രണ സമിതിയിൽ കണ്ണമ്മൂല കൗൺസിലർ സ്വതന്ത്ര അംഗം എം. രാധാകൃഷ്ണനും നികുതി അപ്പീൽ സമിതിയിൽ നെടുങ്കാട് കൗൺസിലർ ആർ.സി. ബീനയും അധ്യക്ഷരാകുമെന്ന് ഇതോടെ ഉറപ്പായി.
















































