കാസർഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവത്തിൽ കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് റിപ്പോർട്ട്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകി. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിക്കും. കൂടാതെ കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… ഇങ്ങനെ നീളുന്നു ആറുവയസുകാരൻ അനുഭവിച്ച പീഡനങ്ങൾ.
അതുപോലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി. പോലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി.
















































