തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ കോലിളക്കം സൃഷ്ടിച്ച തിരുവനന്തപുരം – കാസർകോട് അർദ്ധ അതിവേഗ തീവണ്ടിപ്പാത പദ്ധതിയായ സിൽവർലൈനിനുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി. ഇതോടെ ഭൂ ഉടമകൾക്ക് ഇനി മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാം.സിൽവർലൈൻ ഉയർത്തിയ ഭൂമി ഏറ്റെടുക്കൽ ആശങ്കകൾ ഇതോടെ ഒഴിയുകയാണ്.
സിൽവർലൈൻ ഉപേക്ഷിച്ചുവെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. പദ്ധതി സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിൻ്റെ വിശദീകരണം. അതിർത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ നാട്ടിയത്. 2022-ലെ അതിർത്തി നിർണയവും അതിർത്തിനിശ്ചയിക്കലും ഇതോടെ അസാധുവായി. ഇനി സിൽവർലൈൻ യാഥാർത്ഥ്യമാകണമെങ്കിൽ വിശദമായ പദ്ധതിരേഖ ഒഴികെയുള്ള ബാക്കി നടപടികളെല്ലാം തുടക്കം മുതൽ വീണ്ടും ചെയ്യേണ്ടിവരും. കേന്ദ്രം എതിർക്കുന്ന പശ്ചാത്തലത്തിൽ അതിന് സാധ്യതയില്ല. മാത്രവുമല്ല കേന്ദ്രാനുമതി നിഷേധിക്കപ്പെടുന്ന ഈ പദ്ധതിയ്ക്ക് പകരം സംസ്ഥാന സർക്കാർ ബദൽ റെയിൽ ആയ റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം പ്രഖ്യാപിച്ചിരിക്കുകയുമാണ്.
അതിരടയാള നിയമപ്രകാരം റവന്യൂവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന് പരമാവധി ഒരുവർഷ കാലാവധിയാണ് ഉണ്ടായിരുന്നത്. ഇതിനുള്ളിൽ പഠനം പൂർത്തീകരിച്ചില്ലെങ്കിൽ അസാധുവാകുന്നതാണ് ഈ വിജ്ഞാപനം. ഹിയറിങ് നടത്തി പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും വേണം. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവിറക്കേണ്ടത്. എന്നാൽ ഇതൊന്നും സിൽവർലൈനിൻ്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.
അതേസമയം, പുതിയപദ്ധതിക്ക് സിൽവർലൈനിൻ്റെ അലൈൻമെൻ്റ് പരിഗണനയിലുണ്ട്. ഉയരപ്പാതയിൽ നിർദ്ദേശിച്ച റാപ്പിഡ് റെയിലിന് സിൽവർലൈൻ പോലെ സ്ഥലം വേണ്ടിവരില്ല. പാതയ്ക്ക് ഇരുവശത്തും ബഫർ സോണും കുറവായിരിക്കും.
റെയിൽവേയും സിൽവർലൈനിൻ്റെ അലൈൻമെൻ്റിൽ കണ്ണുവെച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നും നാലും പാതകൾ ഇതുവഴിയാകാമെന്നാണ് റെയിൽവേ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. സംസ്ഥാനം സ്ഥലമേറ്റെടുത്തുനൽകണമെന്ന നിബന്ധനയാണ് റെയിൽവേക്കുള്ളത്. എന്നാൽ സംസ്ഥാന സർക്കാർ അതിനോട് യോജിപ്പില്ല.
സ്ത്രീ വേഷത്തിൽ വീട്ടിലെത്തി, പിന്നാലെ എസ്ഐആർഫോം ആവശ്യപ്പെട്ടു, വീട്ടമ്മയെ പിറകിൽ നിന്ന് ആക്രമിച്ച് മൂന്ന് പവൻ്റെ സ്വർണാഭരണം കവർന്നു, അയൽവാസിയായ യുവാവ് പിടിയിൽ


















































