അങ്ങനെ ബീഹാറിലെ രണ്ടു ഘട്ട വോട്ടെടുപ്പും കഴിഞ്ഞ് എക്സിറ്റ്പോളും പുറത്തുവന്നിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് ഇത്തവണ ബീഹാറിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കൂടിയ ജനവികാരം ആരെയാണ് സഹായിക്കുന്നത്, ആർക്കാണ് പ്രതീക്ഷ നൽകുന്നത് എന്നതിൽ ഒരേസമയം വലിയ ആകാംഷയും ആശയക്കുഴപ്പവും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഹരിയാനയിലെ കഴിഞ്ഞ തവണത്തെ എക്സിറ്റ് പോൾ ഫലങ്ങൾ വച്ചുനോക്കുമ്പോൾ അതിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാകും.
അതുതന്നെയാണു ഇത്രയേറെ എക്സിറ്റ് പോളുകൾ എതിരായി വന്നിട്ടും മഹാഗഡ്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് ഇപ്പോഴും ഡബിൾ സ്ട്രോങ്ങായി നിൽക്കാനുള്ള കാരണവും. മറുഭാഗത്ത് നിതീഷിൻറെ ജെഡിയുവും വലിയ ജയപ്രതീക്ഷ തന്നെയാണ് പങ്കുവക്കുന്നത്. തങ്ങൾ തന്നെ സർക്കാർ രൂപീകരിക്കുമെന്നും നിതീഷ് തന്നെ വീണ്ടും മുഖ്യമന്ത്രിയായി തുടരുമെന്നും അവർ പറയുന്നു. എന്തായാലും നമുക്ക് ഇത്തവണത്തെ വോട്ടിംഗിലെ സവിശേഷതകൾ ഒന്ന് പരിശോധിക്കാം.
ആദ്യ ഘട്ടത്തിൽ 64.66 ശതമാനം ആയിരുന്നു പോളിംഗ്. ബീഹാറിനെ സംബന്ധിച്ചിടത്തോളം വലിയ പോളിംഗ് ശതമാനം തന്നെയാണ് ഇത്. എന്നാൽ രണ്ടാം ഘട്ടത്തിൽ 67 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. 1951 ന് നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് നിരക്കാണിത്. അതിൽ തന്നെ സ്ത്രീ വോട്ടർമാരുടെ പോളിംഗ് ശതമാനം 71.6 ആണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുരുഷന്മാരുടേത് 62.8 ഉം. സ്വാഭാവികമായും പുരുഷന്മാരിൽ പലും തൊഴിൽ സംബന്ധമായി സംസ്ഥാനത്തിനു പുറത്താണെങ്കിൽ വോട്ടിംഗ് സമയത്ത് എത്തി വോട്ട് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടായിരിക്കാം ഒരു പക്ഷേ ഇങ്ങനെ സംഭവിച്ചത്. പക്ഷേ സ്ത്രീ വോട്ടർമാരിൽ 72 ശതമാനത്തിനടുത്ത് പോളിംഗ് ബൂത്തിൽ എത്തിയെന്നത് ബീഹാറിനെ സംബന്ധിച്ചിടത്തോളം പ്രത്യേകം പരിഗണിക്കേണ്ട ഒരു വസ്തുതതയാണ്. ഒരു വർഷം മുമ്പ് മാത്രം നടന്ന 2024 ലെ ലോക,ഭ തെരഞ്ഞെടുപ്പിൽ ആകെ പോളിംഗ് ശതമാനം 56.19 ഉം സ്ത്രീകളുടേത് 59.39 ഉം ആയിരുന്നു. 2020 ൽ നടന്ന ഇതിനു മുമ്പുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ അത് 57.05 ശതമാനം ആയിരുന്നു.
എന്തുകൊണ്ടാണ് ഇത്തവണ ഇത്രയും കനത്ത പോളിംഗ് നടന്നത്. അതിൻറെ സൂചന എന്താണ്. പ്രത്യേകിച്ചും രണ്ടാം ഘട്ടത്തിൽ ഇത്രമാത്രം ഒരു പോളിംഗ് കൊടുങ്കാറ്റ് സംഭവിക്കാൻ കാരണമെന്താണ്. ഇത് നിലവിലെ സർക്കാർ സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രത്യേക പദ്ധതികൾ കാരണം സ്ത്രീകൾ ഒന്നടങ്കം വന്ന് വോട്ട് ചെയ്തതാണോ. അതോ 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണത്തിനു ശേഷവും ബീഹാർ പിന്നോക്കമായി നിൽക്കുന്നതിനാൽ സർക്കാരിനെതരായ പ്രതിഷേധം ആഞ്ഞടിച്ചതാണോ. അതോ വോട്ട് ചോരി വിഷയത്തിലെ ആശങ്കയിൽ ജനങ്ങളെല്ലാം തങ്ങളുടെ വോട്ട് നിർബന്ധമായും ചെയ്തിരിക്കണം എന്ന തീരുമാനത്തിൽ എത്തിയതാണോ.
സാധാരണ നിലയിൽ ഭരണാനുകൂല തരംഗങ്ങളിൽ വോട്ടിംഗ് കുറയുന്ന പ്രവണതയാണ് എല്ലായിടത്തും കണ്ടിട്ടുള്ളത്. ഭരണത്തിനെതിരായ ഒരു വികാരം ഉണ്ടാവുമ്പോഴാണ് പോളിംഗ് ശതമാനം വളരെയധികം ഉയരാറുള്ളത്. ആ മുൻ അനുഭവങ്ങൾ നോക്കിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് എന്നത് കോൺഗ്രസിനും തേജസ്വി യാദവിനും പ്രതീക്ഷ നൽകുന്ന സംഗതിയാണ്. എക്സിറ്റ് പോളുകൾ മറിച്ചാണല്ലോ എന്ന് നിങ്ങൾക്ക് തോന്നാം. എക്സിറ്റ് പോളുകളെ അതേപോലെ ആരെങ്കിലും ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ.
കഴിഞ്ഞ എത്ര തെരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോളുകൾ ശരിയായിട്ടുണ്ട്. അവാസനം നടന്ന ലോകിസഭ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലും എക്സിറ്റ് പോളുകൾ അമ്പേ പരാജയപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ആ കണക്കുകൾക്കപ്പുറം മറ്റു മുൻകാല പ്രവണതകളെയും സ്ഥിതി വിവരക്കണക്കുകളേയും മാത്രമാണ് നമുക്ക് ആധികാരികമായി എടുക്കാൻ കഴിയുന്നത്. അത് പ്രകാരം നോക്കുമ്പോൾ കൂടിയ വോട്ടിംഗ് ശതമാനം ഇന്ത്യ മുന്നണിയുടെ മഹാഗഡ്ബന്ധന് ഗുണകരമാവേണ്ടതാണ്. വലിയ ഭുരിപക്ഷത്തിലേക്കെത്തിയില്ലെങ്കിലും ഭരണത്തിലേറാനുള്ള കേവല ഭൂരിപക്ഷത്തിലേക്ക് എത്താനുള്ള സാധ്യത വളരെ വലുതാണ്.
സ്ത്രീകൾക്ക് 10000 രൂപ നൽകുന്ന പദ്ധതിയാണ് സ്ത്രീ വോട്ടർമാരെ ബൂത്തുകളിലേക്കെത്തിച്ചത് എന്ന് ബി ജെ പി കേന്ദ്രങ്ങൾ പറയുന്നുണ്ട്. മുമ്പ് മധ്യപ്രദേശിൽ ഉണ്ടായത് സമാന സംഭവമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 20 വർഷത്തോളം ഭരിച്ച ശിവരാജ് സിംഗ് ചൌഹാന്റെ ലാഡലി ബഹനാ യോജന മധ്യപ്രദേശിൽ ബിജെപിക്ക് വലിയ ഭൂരിപക്ഷം സമ്മാനിച്ചിരുന്നു. 2023 ൽ നടന്ന മധ്യപ്രദേശം വോട്ടെടുപ്പിൽ പോളിംഗ് ശതമാനം 77 ആയിരുന്നതും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഒരു വസ്തുത അവർ മറച്ചു പിടിക്കുകയാണ്. മധ്യപ്രദേശിൽ 2018 ലും 76 ശതമാനം പോളിംഗ് ഉണ്ടായിരുന്നുവെന്നും ശരാശരി 75 ശതമാനം പോളിംഗ് അവിടെ എല്ലായ്പോഴും ഉണ്ടാവാറുണ്ട് എന്നതും. അതുകൊണ്ട് തന്നെ മധ്യപ്രദേശിനെ ബീഹാറുമായി താരതമ്യം ചെയ്യുന്നത് യുക്തപരമാവില്ല. 56-57 ശതമാനം വോട്ടിംഗ് മാത്രം നടക്കാറുള്ള ബീഹാറിൽ സാധാരണയേക്കാൾ 10 ശതമാനത്തോളമാാണ് രണ്ടാം ഘട്ടത്തിൽ പോളിംഗ് നടന്നത്. അതുകൊണ്ട് തന്നെ അത് സർക്കാർ പദ്ധതികൾക്കനുകൂലമായ വിധിയാണെന്ന് കരുതാൻ കഴിയില്ല.
എങ്കിലും ബിജെപി മുന്നണിക്ക് ആശ്വാസകരമായ ഒരു ഘടകം രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഉണ്ട്. അത് തെരഞ്ഞെടുപ്പ് പ്രചരണത്തിൻറെ ആദ്യ ഘട്ടത്തിൽ ബി ജെ പി യും ജെ ഡി യു വും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നത് അവസാനമായപ്പോഴെക്കും പരിഹരിച്ച് ഒരുമിച്ച് പോകാൻ അവർക്കായി എന്നതാണ്. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിൻറെ സീറ്റുകൾ അപഹരിക്കുന്നതിൽ വലിയ പങ്കു വഹിച്ച ചിരാഗ് പാസ്വാൻറെ ലോക ജനശക്തിപാർട്ടിയെ കൂടെ നിർത്താനും മുന്നണിക്കായി. എന്നാൽ 20 വർഷത്തെ വികസന മുരടിച്ച മറികടക്കാൻ അതുകൊണ്ട് മാത്രം കഴിയുമോ എന്നത് വലിയൊരു ചോദ്യം തന്നെയാണ്. രാഹുൽ ഗാന്ധി തന്റെ പ്രസംഗങ്ങളിൽ സൂചിപ്പിച്ച പോലെ ബീഹാറിലെ യുവാക്കൾ ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തൊഴിലിനായി അലയുന്നുണ്ട്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ വികസനങ്ങൾ അവർ നേരിട്ട് മനസിലാക്കുന്നുണ്ട്. ആ സാഹചര്യത്തിൽ തുടർച്ചയായ 20 വർഷം മുഖ്യമന്ത്രി ആവാൻ അവസരം ലഭിച്ചിട്ടും ബീഹാറിനെ വികസന പാതയിലേക്ക് എത്തിക്കാനാവാത്ത നിതീഷിനെ അവർ എങ്ങനെ തുടരാന് അനുവദിക്കും എന്നതാണ് കോൺഗ്രസിൻറെ പ്രതീക്ഷ. ബിജെപി ക്യാമ്പിൻറെ പ്രതീക്ഷയേക്കാൾ ലോജിക്കൽ അതാണെന്ന് പറയാതെ വയ്യ.
അതുകൊണ്ട് തന്നെ എക്സിറ്റ് പോളുകളുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ കോൺഗ്രസിനും ഇന്ത്യാമുന്നണിക്കും നിരാശരാവേണ്ട യാതൊരു സാഹചര്യവുമില്ല എന്നു തന്നെ പറയേണ്ടിവരും. മാത്രമല്ല വർധിച്ച പോളിംഗ് ശതമാനത്തിൻറെ നേട്ടം മുൻകാല പ്രവണതകൾ വച്ച് നോക്കിയാൽ അവർക്ക് അനുകൂലവുമാണ്. മാത്രമല്ല കൂടുതൽ പോളിംഗ് നടന്ന രണ്ടാം ഘട്ട മണ്ഡലങ്ങൾ ആർ ജെ ഡി ക്കും ഇന്ത്യാ മുന്നണിക്കും വലിയ മുൻതൂക്കമുള്ള മേഖലകളുമാണ്. പ്രധാനമായും സീമാഞ്ചൽ മേഖലയിലെ ജില്ലകളായ കിഷൻ ഗഞ്ച്, പൂർണിയ, കടിഹാർ തുടങ്ങിയ ആർ ജെ ഡി മേഖലകളിൽ. എന്നാൽ ചമ്പാരൻ, മോതിഹാരി തുടങ്ങിയ ബി ജെ പി അനുകൂല മേഖലകളിൽ സ്ത്രീ വോട്ടർമാരുടെ പോളിംഗ് കുറവായിരുന്നു എന്നാണ് അവസാനത്തെകണക്കുകൾ വ്യക്തമാക്കുന്നതും. ഇതെല്ലാം മുന്നോട്ട് വക്കുന്നത് ഇന്ത്യാ മുന്നണിയുടേയും മഹാഗഡ്ബന്ധൻറേയും സാധ്യതകൾ തന്നെയാണ്.
മറ്റൊരു പ്രധാന കാര്യം നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ പ്രചരണത്തിൽ അത്ര സജീവമായിരുന്നില്ല എന്നതാണ്. പ്രധാനമായും മോദിയും അമിത് ഷായും തന്നെയാണ് അവരുടെ പ്രചരണം നയിച്ചത്. നിതീഷ് ഒരു പത്രസമ്മേളനം പോലും ചെയ്തില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതുപോലും വാർത്താക്കുറിപ്പിലൂടെ ആയിരുന്നു. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകൾ പറയുമ്പോഴും ആത്മവിശ്വാസക്കുറാവാണെന്ന ആരേപണവും എതിർ ചേരിയിൽ നിന്നുയർന്നിരുന്നു. പ്രശാന്ത് കിഷോർ, അസദുദീൻ ഒവൈസി തുടങ്ങിയവർ ഇരുമുന്നണികളുടേയും വിജയ സാധ്യതയെ തകർക്കാൻ കഴിയുന്നവിധം വോട്ടുകൾ നേടാൻ ശേഷിയുള്ളവരാണെന്നതും ഈ തെരഞ്ഞെടുപ്പിലെ പ്രധാന ഘടകം തന്നെയാണ്. അതിൽ പ്രശാന്ത് കിഷോർ കൂടുതൽ പരിക്കേൽപ്പിക്കുക ബി ജെ പി മുന്നണിയെ ആണെന്നതും ഇന്ത്യാമുന്നണിയുടെ പ്രതീക്ഷകളെ ഉയർത്തുന്നതാണ്.
എന്തായാലും ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടംഗിലൂടെ ബീഹാർ ജനത ഒരു കൃത്യമായ തീരുമാനം എടുത്തിട്ടുണ്ട് എന്നത് വ്യക്തമാണ്. എക്സിറ്റ് പോളുകൾ ബിജെപിയേയും നിതീഷിനേയും അനുകൂലിക്കുന്നുവെങ്കിലും മറ്റ് അട്ടിമറികൊളൊന്നും നടന്നില്ലെങ്കിൽ ഒരുദിവസത്തിനപ്പുറം ബീഹാർ ജനതയുടെ ആ ചരിത്രപരമായ തീരുമാനം തേജസ്വിയെ മുഖ്യമന്ത്രിക്കസേരയിലേക്ക് ഇരുത്തുന്നതാവാനാണ് വസ്തുത വിശകലനത്തിൽ നിന്നും മനസിലാക്കാൻ കഴിയുക.















































