റിയോ: ബസിനുള്ളിൽ മരിച്ച നിലയിൽ 20 വയസുകാരി. പരിശോധനയിൽ ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോണുകൾ. തെക്കൻ ബ്രസീലിലാണ് ദുരൂഹമായ സംഭവം. ബ്രസീലിലെ ഗ്വാരപ്പുവയിലൂടെ ബസിൽ സഞ്ചരിക്കുകയായിരുന്ന 20 കാരിയെയാണ് പരാന സംസ്ഥാനത്ത് വച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി അസ്വസ്ഥയാവുന്ന ലക്ഷണങ്ങൾ കണ്ട് ആളുകൾ സഹായത്തിനെത്തയപ്പോഴേയ്ക്കും 20 കാരി കുഴഞ്ഞ് വീഴുകയായിരുന്നു.
ശ്വസിക്കാൻ ബുദ്ധിമുട്ടും പേശികൾ വലിഞ്ഞ് മുറുകയും പോലുള്ള ലക്ഷണങ്ങൾ കാണിച്ച യുവതിയെ സഹായിക്കാൻ ആരോഗ്യ പ്രവർത്തകർ ബസിനുള്ളിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമെന്നാണ് ലഭ്യമാകുന്ന വിവരം. നാൽപത്ത് മിനിറ്റോളം യുവതിക്ക് സിപിആർ അടക്കമുള്ളവ ലഭ്യമാക്കിയിരുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബസിനുള്ളിൽ വച്ചുള്ള യുവതിയുടെ മരണത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനായി എന്തെങ്കിലും സൂചന ലഭിക്കാനായി 20 കാരിയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയിൽ 26 ഐഫോണുകൾ കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് എത്തിയ മിലിട്ടറി പൊലീസ് അധികൃതരാണ് യുവതിയുടെ ശരീരത്തിൽ ഐഫോണുകൾ കണ്ടെത്തിയത്. പരിശോധനയിൽ യുവതിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയിട്ടിലല. എന്നാൽ യുവതിയുടെ ബാഗിൽ നിന്ന് നിരവധി മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ഐഫോണുകൾ ബ്രസീലിലെ ഫെഡറൽ റവന്യൂ സർവ്വീസിന് അന്വേഷണാർത്ഥം കൈമാറിയിരിക്കുകയാണ്. യുവതിയുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. യുവതിക്ക് നേരെത്തെ കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ശരീരത്തിൽ ഒട്ടിച്ച് വച്ച ഐഫോണുകളും മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വിശദമാക്കി.