തിരുവനന്തപുരം: മലയാളിതാരത്തിന്റെ ചിറകിലേറി ടി20 ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് സഞ്ജു സാംസണിന്റെ പിതാവ്. അഭിമാനം തുളുമ്പുന്ന വാക്കുകളിലൂടെയാണ് സഞ്ജുവിന്റെ പിതാവ് മാധ്യമങ്ങളെ കണ്ടത്. വളരെ സന്തോഷമുണ്ടെന്നും സഞ്ജുവിനെ സംബന്ധിച്ച് ഇത് ന്യൂസിലൻഡിനോടുള്ള പ്രതികാരം കൂടിയാണെന്നും സാംസൺ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
‘ കഴിഞ്ഞ തവണ ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കാൻ വന്നപ്പോഴാണ് ആദ്യമായി അഞ്ച് ഇന്നിംഗ്‌സും അവൻ തോൽക്കുന്നത്. അതുകൊണ്ട് ഇന്നവൻ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ മകൻ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു. പ്രതികാരം തീർക്കണം. അതാണ് സാംസണിന്റെ മകൻ. അടി കൊടുക്കണം, അല്ലെങ്കിലവൻ ക്രിക്കറ്ററല്ല’, അദ്ദേഹം പറഞ്ഞു.
അതേസമയം ന്യൂസിലൻഡിനെ 96 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. ടി20 ലോകകപ്പിൽ ഇന്ത്യ ഉയർത്തുന്ന മൂന്നാം കിരീടവും തുടർച്ചയായ രണ്ടാം തവണയുമാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.
ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്കായി തകർപ്പൻ ഇന്നിംഗ്‌സാണ് ഓപ്പണർ സഞ്ജു സാംസൺ കാഴ്ചവെച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റൺസ് നേടി. അതേസമയം അടുപ്പിച്ച് ഇതു രണ്ടാം തവണയാണ് സഞ്ജു 89ന് പുറത്താവുന്നത്.
















































