ചെന്നൈ: നടൻ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഹർജി നൽകിയതായി റിപ്പോർട്ട്. താൻ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ദാമ്പത്യത്തിലെ ക്രൂരതയും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടിരുന്നത്. നിലവിൽ താമസിക്കുന്ന വസതിയിൽ തനിക്ക് തുടരാനുള്ള അവകാശം ഉറപ്പാക്കുന്ന ഇടക്കാല ഉത്തരവ് നൽകണമെന്നാണ് സംഗീത കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കേ, തനിക്ക് വിജയ്‌യുടെ വീട്ടിൽ താമസിക്കാനുള്ള സൗകര്യം നിഷേധിക്കപ്പെടുമോ എന്ന ആശങ്ക സംഗീത പ്രകടിപ്പിച്ചു. 1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്.
തമിഴ് വ്യവസായിയുടെ മകളായ സംഗീത വിവാഹത്തിന് മുൻപ് വിജയ്‌യുടെ വലിയൊരു ആരാധികയായിരുന്നു. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചു. 2021-ലാണ് താൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നതായും അവർ പറയുന്നു.

















































