കൊച്ചി: ശബരിമല സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഹൈക്കോടതിയിൽ പുതിയ വെളിപ്പെടുത്തലുകൾ. ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയ ശേഷം ബാക്കിവന്ന 474 ഗ്രാം സ്വർണ്ണത്തിന് പകരമായി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റൊൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് (9,99,995) രൂപ അഞ്ച് ഡിമാൻഡ് ഡ്രാഫ്റ്റുകളായി (ഡിഡി) തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്ന് ബെല്ലാരിയിലെ റോഥം ജ്വല്ലറി ഉടമ ഗോവർധൻ ഹൈക്കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ അന്വേഷണ സംഘം ഭീഷണിപ്പെടുത്തി ആ സ്വർണം റിക്കവറി ചെയ്തുവെന്നും ഗോവർധൻ കോടതിയെ അറിയിച്ചു.
ദേവസ്വം ബോർഡിന്റെ അന്നദാന ട്രസ്റ്റിലേക്കാണ് ഈ തുക കൈമാറിയതെന്നും ഗോവർധൻ കോടതിയെ അറിയിച്ചു. കൂടാതെ പണം നൽകിയതിന്റെ രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കി. ഇതിനുപുറമെ, ശബരിമല അയ്യപ്പ സ്വാമിക്ക് ഏകദേശം 2,73,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണമാലയും താൻ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും ഗോവർധൻ പറയുന്നു. ഈ സ്വർണ്ണമാലയ്ക്കായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപ മുടക്കി ഇൻഷുറൻസ് എടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അന്വേഷണസംഘം തന്നെ ഭീഷണിപ്പെടുത്തിയതായി ഗോവർധൻ ആരോപിക്കുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബെല്ലാരിയിൽ വന്ന് തന്നിൽ നിന്ന് 474 ഗ്രാം സ്വർണ്ണം റിക്കവറി ചെയ്തുവെന്നും ഇത് ഏകദേശം 59 ലക്ഷം രൂപയുടെ മൂല്യമുള്ളതാണെന്നും അദ്ദേഹം വാദിക്കുന്നു. സ്വർണ്ണത്തിന് പകരമുള്ള പണം ദേവസ്വത്തിന് നൽകിയ സാഹചര്യത്തിൽ, വീണ്ടും സ്വർണ്ണം പിടിച്ചെടുത്തതിലൂടെ തനിക്ക് ഇരട്ടി നഷ്ടം സംഭവിച്ചുവെന്നാണ് ഗോവർധൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള തന്റെ ബന്ധം 2009 കാലഘട്ടം മുതലുള്ളതാണെന്ന് ഗോവർധൻ വെളിപ്പെടുത്തി. കന്നഡയും ഇംഗ്ലീഷും മാത്രം അറിയാമായിരുന്ന തനിക്ക് പടിപൂജ ബുക്ക് ചെയ്യാൻ പോറ്റി സഹായിച്ചതോടെയാണ് ഈ സൗഹൃദം തുടങ്ങിയത്. തുടർന്ന് പോറ്റിയുടെ നിർദേശ പ്രകാരം ശബരിമല ശ്രീകോവിലിന്റെ വാതിൽ നിർമ്മാണത്തിന് പൂർണ്ണമായും പണം മുടക്കിയത് താനാണെന്നും ഗോവർധൻ പറയുന്നു.
തേക്ക് തടിയിൽ ചെമ്പ് പാളികൾ പതിച്ച് അതിൽ സ്വർണ്ണം പൂശുന്നതിനുള്ള ചിലവുകൾ താനാണ് വഹിച്ചത്. പിന്നീട് കട്ടളപ്പാളിയും ദ്വാരപാലക ശില്പങ്ങളും സ്വർണ്ണം പൂശുന്നതിലും സ്പോൺസർ ആകാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയതിന്റെയും പടിപൂജ ബുക്ക് ചെയ്തതിന്റെയും രേഖകൾ സഹിതമാണ് ഗോവർധൻ ഹൈക്കോടതിയിൽ ഈ വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

















































