മുംബൈ: മുംബൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച മഴ കാരണം അവധിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബിഎംസി ഇക്കാര്യം അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ച വ്യാജ സന്ദേശത്തെ ബിഎംസി പ്രത്യേകം എടുത്തുപറഞ്ഞു.
“ഇതൊരു വ്യാജ സന്ദേശമാണ്. ബിഎംസി തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത്തരത്തിലുള്ള ഒരു വിവരവും പുറത്തുവിട്ടിട്ടില്ല,” എന്ന് ബിഎംസി എക്സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഓഗസ്റ്റ് 20ന് മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് വ്യാജ സന്ദേശത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, യഥാർത്ഥത്തിൽ ഓഗസ്റ്റ് 20ന് മുംബൈ, താനെ, പാൽഘർ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബിഎംസി വ്യക്തമാക്കി. സമീപ ജില്ലയായ റായ്ഗഡിൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കനത്ത മഴയുടെ കാഠിന്യം അനുഭവിച്ച് നിരത്തുകൾ നദികൾക്ക് സമാനമായി മാറിയ നിലയിലാണ് ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ. പൊതുഗതാഗതം താറുമാറായ നഗരത്തിൽ സാധാരണ ജീവിതം നഗരത്തിന്‍റെ ഭൂരിഭാഗം മേഖലകളിലും തകിടംമറിഞ്ഞു. ഈ അവസ്ഥയിൽ ദുരിതക്കയത്തിലായ ജനത്തെ കൈയ്യും മെയ്യും മറന്ന് സംരക്ഷിക്കുകയാണ് മുംബൈ പൊലീസ്. ആ പ്രയത്നത്തിന് സമൂഹമാധ്യമങ്ങളിലാകെ പ്രശംസകൾ നിറയുകയാണ്.
മുംബൈ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ജനത്തിന് ദുരിതകാലത്ത് ആശ്രയമായി മാറി. ഗതാഗത പുനഃക്രമീകരണങ്ങൾ കൃത്യമായി അറിയിക്കുന്നതിനൊപ്പം വെള്ളക്കെട്ടുകൾ എവിടെയൊക്കെയെന്നതും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഹെൽപ്‌ലൈൻ നമ്പറുകളും മുംബൈ പൊലീസിൻ്റെ സോഷ്യൽ മീഡിയ പേജുകളിലുണ്ട്. കൃത്യസമയത്ത് നൽകുന്ന ഈ വിവരങ്ങൾ തങ്ങൾക്ക് കനത്ത മഴയ്ക്കിടയിൽ വീട്ടിലെത്താൻ സഹായമാകുന്നതായി നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.