തിരുവനന്തപുരം: റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ തിയറ്ററിൽ. ചിത്രത്തിലെ മൂന്ന് മിനിറ്റ് ഭാഗം വെട്ടി. അവധി ദിവസം ആയിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് ചേർന്നു. അൽപം മുൻപാണ് സെൻസര്‍ ബോര്‍ഡ് അനുമതി നൽകിയത്. കേന്ദ്ര സെൻസർ ബോർഡാണ് റീ-എഡിറ്റിന് നിര്‍ദേശം നൽകിയതെന്നാണ് സൂചന. 17ലേറെ മാറ്റങ്ങൾ പുതിയ എമ്പുരാനിലുണ്ടാകും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. വില്ലന്‍റെ പേരിലും മാറ്റം വരുത്തും.
എമ്പുരാൻ ചിത്രത്തിന്‍റെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്‍റെ കടമയാണ്. അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു, മോഹൻലാൽ വ്യക്തമാക്കി.
എമ്പുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. പിന്നാലെ സിനിമയിൽ നിന്ന് വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അതിനിടെയാണ് പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തിയത്.