പത്തനംതിട്ട: കോയിപ്രയില്‍ യുവാക്കളെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളായ യുവദമ്പതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചും നഖത്തിനടിയില്‍ മൊട്ടുസൂചി തറച്ചുകയറ്റിയും മുറിവില്‍ പെപ്പര്‍ സ്പ്രേ അടിച്ചും യുവാക്കളെ പീഡിപ്പിച്ച സംഭവത്തില്‍ കോയിപ്രം മലയില്‍ വീട്ടില്‍ ജയേഷ് രാജപ്പന്‍ (30), ഭാര്യ എസ്. രശ്മി (25) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ 19-കാരനായ യുവാവിനൊപ്പം രശ്മി വിവസ്ത്രയായി നില്‍ക്കുന്നതടക്കം അഞ്ച് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് പറയുന്നത്.
പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പോലീസ് നിഗമനം. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെയാണ് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും രശ്മിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയത്. ഈ ദൃശ്യങ്ങളുടെ സാഹചര്യത്തില്‍ ആലപ്പുഴ സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും.
ഇതിനായി ഇയാളോട് ചോദ്യംചെയ്യലിന് എത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ അടിക്കുന്നതിന്റെയും നഖത്തിനിടയില്‍ മൊട്ടുസൂചി തറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലാണ്. ഇത് ഇയാള്‍ രഹസ്യകോഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഡ് പറഞ്ഞുകൊടുത്തുവെങ്കിലും തുറക്കാന്‍ പോലീസ് ശ്രമിച്ചില്ല. കോഡ് തെറ്റാണെങ്കില്‍ ഫോള്‍ഡര്‍ തുറക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടും. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുറക്കാനാണ് ശ്രമിക്കുന്നത്.