ജയ്പുർ: കുടുംബവഴക്കിനെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രികകൊണ്ട് മുറിച്ചു, പിന്നാലെ അറുത്ത ഭാഗവുമായി സ്ഥലം വിടുകയും ചെയ്തു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കുടുംബവഴക്കിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ മരുമകൻ സോഹൻലാലിനെതിരെ പരാതി നൽകാൻ അമ്മായിയമ്മ കെയ്‌ലി ദേവി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പിന്നാലെയെത്തി മരുമകൻ ആക്രമിച്ചുവെന്ന് അമ്മായിയച്ഛൻ ബാബുലാൽ ഖിചാഡ് പരാതി നൽകി.
അതേസമയം ആറ് കൊല്ലം മുൻപായിരുന്നു സോഹൻലാലും സരിതയുമായുള്ള വിവാഹം. കഴിഞ്ഞ ഒരു വർഷത്തോളമായി ദമ്പതിമാർ കുടുംബപ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു, ഇതിനിടെ സരിത ഭർത്താവിൽ നിന്ന് അകന്നു താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമൂഹതലത്തിൽ പഞ്ചായത്ത് യോഗങ്ങളും നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ മരുമകനെതിരെ പരാതി നൽകാൻ സർവാന പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കെയ്‌ലി ദേവി തീരുമാനിച്ചു. വൈകുന്നേരം 5 മണിയോടെ, അവർ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ, സോഹൻലാൽ അവരെ ആക്രമിക്കുകയും കത്രികകൊണ്ട് മൂക്ക് അരിയുകയും ചെയ്തതായാണ് പരാതിയിൽ.
സംഭവത്തെത്തുടർന്ന്, കെയ്‌ലി ദേവിയെ ആദ്യം സാൻചോറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സയ്ക്കായി മെഹ്സാനയിലെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ അമ്മായിയമ്മയെയാണ് കുടുംബവഴക്കുകൾക്ക് കാരണം എന്ന് വിശ്വസിച്ചിരുന്നതെന്നും ഭാര്യയെ തനിക്കെതിരായി അമ്മായിയമ്മ പ്രേരിപ്പിച്ചതായും സോഹൻലാൽ നേരത്തെ ആരോപിച്ചിരുന്നെന്നും സർവാന സർക്കിൾ ഇൻസ്പെക്ടർ മോഹൻലാൽ കുമാവത് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.















































