പത്തനംതിട്ട: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷകൾ പരിഗണിക്കുക. വിശദമായ തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്. മാവേലിക്കര സബ്ജയിലിലുള്ള രാഹുലിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അടിയന്തരമായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കോടതിയിൽ കഴിഞ്ഞദിവസം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രാഹുലുമായി തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാദം കേട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തത്.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയെന്നാണ് കേസ്. മാത്രമല്ല പീഡന പരാതി നൽകാൻ ഒരുങ്ങിയ ഘട്ടത്തിൽ രാഹുൽ പരാതിക്കാരിക്കെതിരെ നടത്തിയ ഗുരുതര ഭീഷണി സന്ദേശങ്ങളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. പേടിപ്പിക്കാൻ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാൻ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തർക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും’, എന്ന് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച മറുപടി സന്ദേശങ്ങളാണ് പുറത്തുവന്നത്. ‘പലതും തുറന്നുപറയാൻ തന്നെയാണ് തീരുമാനം. ഞാൻ മാത്രം മോശവും ഇവർ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാൻ ഉള്ളത് ചെയ്യ്. ബാക്കി ഞാൻ ചെയ്തോളാം’, എന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

















































