ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എംപി നിഷികാന്ത് ദുബെ സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതിനുപിന്നാലെയാണ് നടപടി.
ഫെബ്രുവരി രണ്ടിന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചതു മുതൽ പാർലമെന്റിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങൾ. രാഹുൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിൻ്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.
അതേസമയം ബജറ്റ് ചർച്ചയ്ക്കിടയിൽ കേന്ദ്ര ഗവൺമെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് രാജ്യത്തെ വിറ്റുതുലച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകൾക്കെതിരെയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ വ്യാഴാഴ്ച പാർലമെന്റിലെ മകർ ദ്വാറിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
ജനുവരി 28-ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിൽ ആകെ 30 ദിവസം സഭ സമ്മേളിക്കാനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി 13-ന് സഭ താൽക്കാലികമായി പിരിയുകയും വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകൾ പരിശോധിക്കുന്നതിനായി സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് സമയം നൽകിയ ശേഷം മാർച്ച് 9-ന് വീണ്ടും ചേരുകയും ചെയ്യും. ഏപ്രിൽ രണ്ടിന് സമ്മേളനം അവസാനിക്കും.

















































