സാധാരണ ഞായറാഴ്ചകൾ പൊതുവേ രാഷ്ട്രീയ സംഭവവികാസങ്ങൾ ഒന്നും കാര്യമായി നടക്കാത്ത ദിവസമാണ്. എന്നാൽ കഴിഞ്ഞ ദിവസം മലയാള വാർത്താ ചാനലുകളിലെല്ലാം നിറഞ്ഞു നിന്നത് വിഡി സതീശനായിരുന്നു. ശനിയാഴ്ച കേരളം മുഴുവൻ ആന്റണി രാജുവിന്റെ ജെട്ടിക്കേസിനു പുറകേ ആയിരുന്നു. നെടുമങ്ങാട് കോടതി ആന്റണി രാജുവിന് ശിക്ഷ വിധിച്ചപ്പോൾ കേരളത്തിലെ മാധ്യമ രംഗവുമായി ബന്ധപ്പെട്ട് മറ്റൊരു കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അത് പക്ഷേ വലിയ പ്രചാരം കിട്ടിയില്ല. സംഭവം റിപ്പോർട്ടർ ടിവിക്കെതിരായ ബാംഗ്ലൂർ കോടതിയുടെ വിധി ആണ്.
കുറച്ചു നാൾ മുമ്പ് മുതലാളിമാരായ ആന്റോ അഗസ്റ്റിൻ സഹോദരന്മാരുടെ തട്ടിപ്പുകൾക്കെതിരെ വാർത്ത കൊടുക്കരുതെന്ന് പറഞ്ഞ് റിപ്പോർട്ടർ ടിവി ഒരു വിധി വാങ്ങിയിരുന്നു. എന്നാൽ ഏഷ്യാനെറ്റും മനോരമയും അതിനെതിരെ അതേ കോടതിയിൽ പോവുകയും ഇവന്മാർ ഗജഫ്രോഡുകളാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെ മുമ്പത്തെ വിധി കോടതി തിരുത്തുകയും ഇവർക്കെതിരെ കൊടുത്ത വാർത്തകൾ ഒക്കെ വീണ്ടും നൽകണമെന്നു പറയുകയും ചെയ്തു. പോരാത്തതിന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് 10000 രൂപ പിഴയും ചുമത്തി. എന്തിനേറെ പറയുന്നു റിപ്പോർട്ടർ ചാനലിന്റെ വക്കീൽ വരെ കോടതിയിൽ ഇവർ ഇത്ര ഫ്രോഡുകളാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനിടയായതിൽ ക്ഷമിക്കണമെന്നും പറയുന്ന അവസ്ഥ വരെയുണ്ടായി.
രാത്രി ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെയുള്ള ചാനലുകൾ ഈ വാർത്ത നൽകി. ഇതോടെ മാനം കപ്പൽ കേറിയ മുതലാളി ഉടൻ തന്നെ എന്തെങ്കിലും ചെയ്യാൻ അരുൺകുമാറിനോട് പറഞ്ഞു കാണും. അതോടെ ഞായറാഴ്ച രാവിലെ തന്നെ ബിഗ് എക്സ്ക്ലൂസീവ് എന്ന പേരിൽ 11 മാസം മുമ്പ് വി ഡി സതീശൻ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ വിദേശ നാണ്യ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സിബിഐ അന്വേഷണം വേണമെന്ന വിജിലൻസിന്റെ ശുപാർശ വാർത്തയായി അവതരിപ്പിക്കുകയായിരുന്നു. സംഭവം അത്യാവശ്യം കേറി ക്ലിക്കാവുന്ന സാഹചര്യമായിരുന്നു.
റിപ്പോർട്ടർ വാർത്തയ്ക്കു പിന്നാലെ തങ്ങളുടെ പ്രധാന റിപ്പോർട്ടർമാരെയും പ്രധാന രാഷ്ട്രീയ പ്രതികരണക്കാരെയും സ്ക്രീനിൽ നിരന്തരം നിറച്ചതോടെ മറ്റു ചാനലുകൾക്കും പിന്നാലെ പോകാതിരിക്കാൻ പറ്റാത്ത അവസ്ഥയായി. 11 മാസം മുമ്പത്തെ ഒരു കത്താണ് ഇന്നത്തെ പ്രധാന വിഷയം എന്ന രീതിയിൽ ഒരു അവധി ദിവസം റിപ്പോർട്ടർ ടി വി അവതരിപ്പിക്കുന്നത് എന്നോർക്കണം.
എന്തായാലും മറ്റു ചാനലുകളും ഇതേ വിഷയവുമായി അന്വേഷണം നടത്തിയപ്പോൾ മറ്റൊരു കാര്യം കൂടി പുറത്ത് വന്നു. ഇതേ വിജിലൻസ് ഇതേ കേസിൽ സതീശൻ അഴിമതി നടത്തിയതായി തെളിവില്ലെന്ന് നിയമസഭ സെക്രട്ടറിക്ക് നൽകിയ കത്തായിരുന്നു അത്. ഏഷ്യാനെറ്റും മനേരമയും എല്ലാം അത് ആവേശത്തോടെ സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ് എന്ന പേരിൽ ബ്രേക്ക് ചെയ്തതോടെ റിപ്പോർട്ടറിന്റെ ബിഗ് എക്സ്ക്ലുസീവ് കാറ്റ് പോയ ബലൂൺ പോലെയായി. അതോടെ അവരും ക്ലീൻ ചിറ്റ് വാർത്ത നൽകേണ്ട അവസ്ഥയായി.
ശരിക്കും പറഞ്ഞാൽ കോടതി കണ്ടം വഴി ഓടിച്ചതിന്റെ ജാള്യത മറക്കാൻ പ്രതിപക്ഷനേതാവിന്റെ നെഞ്ചത്തേക്ക് കയറി അവസാനം വാർത്ത തിരിച്ചടിച്ച് പ്രതിപക്ഷനേതാവ് ഹീറോ ആയ അവസ്ഥ. ഇതൊന്നും പോരാതെ രാത്രി ചർച്ചക്കും എല്ലാ ചാനലുകളും ഇതേ വിഷയം തന്നെയാണ് എടുത്തത്. വെനിസ്വേലയുടെ മേൽ അമേരിക്ക നടത്തിയ അതിക്രമം പോലെ ഗൗരവതരമായ വിഷയം ഉണ്ടായിട്ടും എല്ലാ പ്രധാന ചാനലുകളും പുനർജനി വിഷയം ചർച്ച ചെയ്യുകയും മിക്കവാറും എല്ലാ ചർച്ചകളിലും സതീശനെതിരായ ആരോപണങ്ങൾ എല്ലാം തന്നെ മുനയോടിയുകയും ചെയ്തു.
റിപ്പോർട്ടർ ടി വി രാത്രി 7 മണിക്കുള്ള ഡിബേറ്റിൽ പുനർജനി പദ്ധതിക്കെതിരെ പരാതി കൊടുത്ത പറവൂർ മണ്ഡലത്തിലെ താമസക്കാരനെ തന്നെ പങ്കെടുപ്പിച്ചെങ്കിലും ആളുടെ ആരോപണങ്ങളെയൊക്കെ കോൺഗ്രസിനെ പ്രതിനിധീകരിച്ചെത്തിയ ജിന്റോ ജോൺ കൃത്യമായി പൊളിച്ചടുക്കി. അതിന് ശേഷം റിപ്പോർട്ടറിൽ നടന്ന അവരുടെ ഏഡിറ്റോറിയൽ പ്രോഗ്രാമായ മീറ്റ് ദ എഡിറ്റേഴ്സിൽ ഇതേ വിഷയം തന്നെ ചർച്ചയാക്കിയപ്പോൾ രാവിലെ വലിയവായിൽ സതീശനെതിരെ ആരോപണമുന്നയിച്ച അരുണിന് തന്നെ അതെല്ലാം തിരുത്തി പറയേണ്ടിയും വന്നു. ആകെ മൊത്തം വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി റിപ്പോർട്ടർ ടി വിയും അരുൺകുമാറും.
മറുവശത്ത് ഉർവശീ ശാപം ഉപകാരം എന്ന പോലെ സതീശന് ഈ വിവാദങ്ങളെല്ലാം പോസിറ്റീവായി മാറുകയും ചെയ്തു. സതീശനെതിരെ ഈ ആരോപണം ആദ്യം ഉന്നയിക്കുകയും തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത വ്യക്തി ഇപ്പോൾ സതീശനൊപ്പമാണ് എന്നതുകൂടി ഈ ആരോപണം ഉന്നയിക്കുന്നവർ ചിന്തിക്കേണ്ടതായിരുന്നു. അതെ പിവി അൻവർ തന്നെ. അതുകൊണ്ട് ഈ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാം എന്ന ചിന്ത മടക്കി നാലായി പോക്കറ്റിൽ തിരുകന്നതാണ് ഭരണപക്ഷത്തിന് നല്ലത് എന്ന് മാത്രം പറയട്ടെ.
















































