കൊച്ചി: പ്രശസ്ത സാഹിത്യകാരനും സാഹിത്യ നിരൂപകനും ചിന്തകനും മുൻ എംഎൽഎയുമായ പ്രൊഫ. എം.കെ. സാനു (സാനുമാഷ്) അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയിലായിൽ വൈകുന്നേരം 5 .35 നാണ് അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നാലെ ആരോഗ്യനില വഷളാവുകയിരുന്നു.
മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമർശകരിൽ ഒരാളും സാഹിത്യവിമർശകരിലെ തലമുതിർന്ന കാരണവരുമാണ് വിടവാങ്ങിയത്. എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
നാലു വർഷത്തോളം സ്കൂൾ അധ്യാപകനായായിരുന്നു തുടക്കം. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ ഫ്രൊഫസറായി വിരമിച്ചു. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും സമൂഹത്തിൽ വ്യക്തമുദ്രപതിപ്പിച്ചയാളായിരുന്നു സാനുമാഷ്. മുപ്പത്തിയാറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.1991-ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 1997 ൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ശ്രീ നാരായണ ചെയറിൽ സാനുമാഷ് നിയമിക്കപ്പെട്ടു.
അതുപോലെ കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന മാനസിക വൈകല്യമുള്ളവർക്കായുള്ള ഒരു സ്‌കൂളായ മിത്രത്തിന്റെ സ്ഥാപക അംഗവുമാണ് . വയലാർ രാമവർമ്മ സാഹിത്യ അവാർഡിന്റെ അവാർഡ് സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം.
1926 ഒക്ടോബർ 27ന് പഴയ തിരുവിതാംകൂർ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955 ലും 1956 ലും സാനു ശ്രീ നാരായണ കോളേജിലും മഹാരാജാസ് കോളേജിലും ലക്ചററായിരുന്നു. 1984 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ൽ കേരള സർവകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011- ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011 –ൽ “ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ” ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.