പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്രാഗൺ’ നൂറു കോടി ക്ലബിൽ. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ആഗോളതലത്തിലാണ് നൂറു കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ചിത്രം നൂറു കോടി ക്ലബിലെത്തിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ലവ് ടുഡേ’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗൺ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ആദ്യദിനം മുതൽ തന്നെ സ്വന്തമാക്കിയത്. റൊമാന്‍റിക് കോമഡി ജോണറിൽ ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വമ്പൻ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശമാർക്കറ്റിലും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ ആദ്യ വാരത്തിൽ പ്രദർശിപ്പിച്ചതിലും കൂടുതൽ സ്ക്രീനുകളിലാണ് രണ്ടാം വാരത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നതെന്നത് ചിത്രത്തിന് ലഭിക്കുന്ന ജനപിന്തുണ സൂചിപ്പിക്കുന്നു.
അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെന്റിന്റെ ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. കേരളത്തിൽ ചിത്രം വിതരണം ചെയ്തത് എസ് പിക്ചേഴ്സ് ത്രൂ ഇ ഫോർ എന്റർടൈൻമെന്റ് ആണ്. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ലിയോൺ ജെയിംസ് ആണ്.
തമിഴ്നാട് നിന്ന് മാത്രം 50 കോടിയോളം ഗ്രോസ് നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് ഏകദേശം 75 കോടിയോളം ഗ്രോസ് നേടിയെന്നാണ് സൂചന. ചിത്രത്തിന്റെ വിദേശ കളക്ഷൻ 25 കോടി പിന്നിട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്ന ചിത്രം ഈ വർഷത്തെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്.