തലശേരി: കൊടി സുനി ഉൾപ്പെടെയുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനത്തിൽ ഒടുവിൽ കേസെടുത്ത് തലശേരി പോലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കൊപ്പം കണ്ടാലറിയുന്ന നാല് പേർ എന്നിങ്ങനെ ഏഴ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനിയും സംഘവും പോലീസുകാർ നോക്കിനിൽക്കെ പരസ്യമായി മദ്യപിച്ചത്.
കോടതിയിൽ നിന്നു മറങ്ങവേ തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തുകയായിരുന്നു. സംഭവസമയത്ത് പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരും ഉണ്ടായിരുന്നു. മദ്യപാനത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുക്കാൻ പറ്റിയ തെളിവുകൾ ഇല്ലായെന്നായിരുന്നു പോലീസിന്റെ വാദം. കൂടാതെ ഇവർ ഉപയോഗിച്ചത് മദ്യമാണെന്നു എന്താണുറപ്പെന്നായിരുന്നു പോലീസിന്റെ വാദം. കൂടാതെ കേസെടുത്താൽ കോടതിയിൽ നിന്നു തള്ളിപ്പോകുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.