തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളിൽവെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിൽ പോലീസ് സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ കേസെടുത്ത നടപടിക്കതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും.
മാളിൽ നിന്ന പോലീസുകാരനും സഹോദരിക്കും നേരെ എസ്എഫ്ഐ പ്രവർത്തകർ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ പോലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആർ. ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു.
എന്നാൽ പുറത്ത് വന്ന വീഡിയോകളിൽ എസ്.എഫ്.ഐ പ്രവർത്തകർ പോലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസിൽ മെല്ലെ പൊക്ക് ആണെന്നും പോലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാത്തിലും സേനയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പോലീസ് അസോസിയേഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ സിറ്റി പോലീസ് കമ്മിക്ഷണർക്ക് എതിരെ ട്രോളുകൾ വരെ പ്രത്യക്ഷപ്പെട്ടു.
അതേസമയം ഷോപ്പിംഗ് മാളിൽ എസ്എഫ്ഐക്കാർ പോലീസുകാരനെ മർദ്ദിച്ച കേസിൽ ഇതുവരെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മൊഴിയും പരിശോധിച്ച് മാത്രം നടപടിയെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച പോലീസുകാരനെയാണ് ഷോപ്പിംഗ് മാളിൽ വച്ച് ആസൂത്രിതമായി എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും പോലീസുമായി സംഘർഷം ഉണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പോലീസുകാർ ലാത്തിവീശി. ഇതിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. തുച്ഛമായ കൂലിയ്ക്ക് വോളന്റിയർമാരായി നില്ക്കാൻ പോയ നിരപരാധികളായ വിദ്യാർത്ഥികളെയാണ് പോലീസ് തല്ലിയതെന്ന് അന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. അകാരണമായി മർദ്ദിച്ച പോലീസുകാരെ ‘കണ്ടോളാമെന്ന്’ അന്നുതന്നെ എസ്എഫ്ഐ ഭീഷണി മുഴക്കിയിരുന്നു.
















































