പിഎം ശ്രീ പദ്ധതി നിർത്തിവയ്ക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയയ്ക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിൽ സിപിഐക്ക് അതൃപ്തി. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഇക്കാര്യം ഉയർന്നു. ബോധപൂർവം കത്ത് വൈകിപ്പിക്കുകയാണോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്. കത്തയയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാനുള്ള തീരുമാനം സിപിഐ എടുത്തിട്ടില്ല.
മന്ത്രിസഭാ യോഗത്തിനു തൊട്ടുമുൻപായി സിപിഐ നേതൃത്വവും മന്ത്രിമാരും തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. ആ ഘട്ടത്തിൽ നിർദേശിച്ചാൽ അക്കാര്യം മന്ത്രിമാർ ഉന്നയിക്കും. അതുണ്ടാകാനുള്ള സാധ്യത കുറവാണെന്നും സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്താനാണ് ആലോചിക്കുന്നതെന്നുമാണ് നേതാക്കൾ പറഞ്ഞത്.
സിപിഐയുടെ ആവശ്യപ്രകാരം പദ്ധതിയുടെ നടത്തിപ്പ് നിർത്തിവയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ മന്ത്രി വി.ശിവൻകുട്ടി കാണുകയും ചെയ്തിരുന്നു.
















































