തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎമ്മിനെ വെട്ടിലാക്കി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണവുമായി ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനാണ് രംഗത്തെത്തിയത്. കഴക്കൂട്ടം എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനാണ് കരുനീക്കങ്ങള്‍ നടത്തുന്നതെന്നും ആനി അശോകന്‍ ആരോപിച്ചു. കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാനാണ് ധാരണ. പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നും ആനി അശോകന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാന്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും ആനി അശോകൻ ആരോപിച്ചു.