പുതിയ വെസ്പ 125 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഇന്ത്യ. 2025ലെ പുതിയ വെസ്പ ശ്രേണിയില്‍ സ്‌റ്റൈല്‍, നിറങ്ങള്‍, ഫീച്ചറുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ വെസ്പ ശ്രേണിയില്‍ കമ്പനി നാല് സ്‌കൂട്ടറുകളാണ് പുറത്തിറക്കിയത്. വെസ്പ, വെസ്പ എസ് എന്നിവയാണ് താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന വേരിയന്‍റുകള്‍. അതേസമയം വെസ്പ ടെക്, വെസ്പ എസ് ടെക് എന്നിവയാണ് ടോപ്പ് എന്‍ഡ് മോഡലുകള്‍.
ബേസ് വേരിയന്‍റ് വെസ്പയ്ക്ക് 1.33 ലക്ഷം രൂപയും എസ് മോഡലിന് 1.36 ലക്ഷം രൂപയുമാണ് വില. ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് യഥാക്രമം 1.92 ലക്ഷം രൂപയും 1.96 ലക്ഷം രൂപയുമാണ് (എക്‌സ്-ഷോറൂം) വില. പ്രകടനത്തിന്റെ കാര്യത്തില്‍, 125 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 7100 ആര്‍പിഎമ്മില്‍ 9.5 ബിഎച്പി കരുത്തും 5600 ആര്‍പിഎമ്മില്‍ 10.1 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും. സിവിടി ഗിയര്‍ബോക്‌സിലും ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ വെസ്പ 125 സിസി ശ്രേണി ഫെബ്രുവരി 25 മുതല്‍ വില്‍പ്പനയ്ക്കെത്തും. മാര്‍ച്ച് മുതല്‍ ഡെലിവറികള്‍ ആരംഭിക്കും.