ന്യൂഡൽഹി: പാലിയേക്കര ടോൾ കേസിൽ കേന്ദ്രത്തോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോ എന്ന് ചോദിച്ച അദ്ദേഹം ഒരു ലോറി കേടായത് കാരണം ഉണ്ടായ യാത്ര ദുരിതം എത്രയെന്ന് അറിയാമോയെന്നും ആരാഞ്ഞു. ട്രാഫിക്ക് ഇല്ലെങ്കിൽ ഒരു മണിക്കൂർ മാത്രം എടുക്കേണ്ട ദൂരമെന്ന് കോടതി നിരീക്ഷിച്ചു. 12 മണിക്കൂർ ഗതാഗതകുരുക്കുണ്ടായെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചോദിച്ചു. മലയാള മാധ്യമങ്ങളുടെ റിപ്പോർട്ട് അദ്ദേഹം ആവർത്തിച്ചു.
ഇതിനു മറുപടിയായി മൺസൂൺ കാരണം റിപ്പയർ നടന്നില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. ടോൾ തുക എത്രയെന്ന് കോടതി ചോദിച്ചു. ജഡ്ജി ആയതുകൊണ്ട് തനിക്ക് ടോൾ കൊടുക്കേണ്ട ജനങ്ങളുടെ കാര്യം അതല്ല. 150 രൂപയാണ് ടോൾ എന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം സർവീസ് റോഡുകളുടെ പ്രശ്നം പരിഹരിക്കുന്നതിന് തേർഡ് പാർട്ടി കമ്പനി ആണ് ഉള്ളത്. ഇത് എങ്ങനെ ആണ് തങ്ങളെ ബാധിക്കുന്നതെന്ന് കരാർ കമ്പനി ചോദിച്ചു. ഉപകരാർ കമ്പനിയാണ് നിർമാണം പൂർത്തിയാക്കേണ്ടത്. ടോൾ പിരിവ് നിർത്തിയ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. അപ്പീലിൽ വാദം പൂർത്തിയായി. തുടർന്നു ഉത്തരവ് പറയാൻ മാറ്റിവച്ചു.