ഇസ്‌ലാമാബാദ്: ലബനനെ ആക്രമിച്ച ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫിസ് പറഞ്ഞു. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. ‘‘ഇസ്രയേൽ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലെബനൻ.
രക്തച്ചൊരിച്ചിൽ തടസ്സമില്ലാതെ തുടരുന്നു. ഈ ‘കാൻസർ ബാധിച്ച രാജ്യം’ സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെ’’–ഖ്വാജ ആസിഫ് പറഞ്ഞു. സമാധാന ശ്രമങ്ങളുടെ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽനിന്നും ഉണ്ടാകേണ്ട പ്രസ്താവനയല്ല ഇതെന്നു ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സാറും പാക്കിസ്ഥാൻ നേതൃത്വത്തെ പരസ്യമായി ശാസിച്ചു. ഇസ്രയേലിനെ ‘കാൻസർ’ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ നാശത്തിനായുള്ള ആഹ്വാനമാണെന്നും, തങ്ങളെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീകരവാദികളെ ഇസ്രയേൽ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലോകം ഉറ്റുനോക്കുന്ന യുഎസ്–ഇറാൻ ചർച്ച നാളെ പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാവേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്ച വരെ ഒഴിപ്പിച്ചു. ഹോട്ടലിന്റെ 3 കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് ലോക് ഡൗണും പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലാണു യുഎസ് സംഘം.
















































