കൊളംബോ: ടി20 ലോകകപ്പ് 2026-ൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിന് മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ഇന്ത്യ–പാക് മത്സരത്തിൽ കളിക്കരുതെന്ന നിലപാടിനെയാണ് പാക് സർക്കാർ നേരത്തെ അംഗീകരിച്ചത്. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കാൻ മാത്രം അനുമതി നൽകുകയായിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, യു.എസ്.എ, നെതർലാൻഡ്‌സ്, നമീബിയ എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എ-യിലാണ് ഇരു രാജ്യങ്ങളും മത്സരിക്കുന്നത്.
അതേസമയം എൻഡിടിവി റിപ്പോർട്ട് പ്രകാരം, ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കാൻ ഒരു രാജ്യാന്തര ക്രിക്കറ്റ് ബോർഡും മുന്നോട്ടുവന്നിട്ടില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മോഹ്‌സിൻ നഖ്‌വി മറ്റ് ബോർഡുകളുമായി ബന്ധപ്പെട്ടെങ്കിലും ശ്രമങ്ങൾ ഫലിച്ചില്ല.
ബംഗ്ലാദേശ് ടി20 ലോകകപ്പ് വേദി വിവാദത്തിൽ ഇടപെടാൻ പാക്കിസ്ഥാനു ‘ലോകസ് സ്റ്റാൻഡി’ (നിയമപരമായ അവകാശം) ഇല്ലെന്ന നിലപാടാണ് മറ്റ് ബോർഡുകൾ PCBയെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയ്‌ക്കെതിരായ മത്സര ബഹിഷ്‌കരണ തീരുമാനത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെടലിലായിരിക്കുകയാണ്’.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സുരക്ഷാ ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ഐസിസി ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് മാറ്റി സ്കോട്ട്ലാൻഡിനെ ഉൾപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് ഐസിസിയുടെ തീരുമാനം അംഗീകരിച്ചതോടെ വേദി വിവാദം അവസാനിക്കുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാൻ ആദ്യം ടൂർണമെന്റിലെ പങ്കാളിത്തത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും പിന്നീട് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ പുതിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
ഐസിസിയെ ഇനിയും അറിയിച്ചിട്ടില്ല
അതേസമയം ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടില്ല. PCB എപ്പോൾ ഔദ്യോഗിക ആശയവിനിമയം നടത്തുമെന്നതും വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ, തീരുമാനം പാക്കിസ്ഥാനിലെയും ലോക ക്രിക്കറ്റിലെയും ദീർഘകാല താൽപര്യങ്ങൾക്ക് ദോഷകരമാകാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
“ക്രിക്കറ്റിന്റെ ആഗോള പരിസ്ഥിതിയിൽ പാക്കിസ്ഥാൻ ഒരു അംഗവും ഗുണഭോക്താവുമാണ്. ഈ തീരുമാനം സ്വന്തം രാജ്യത്തെ ക്രിക്കറ്റിനും ആഗോള ക്രിക്കറ്റിനും ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് PCB ആലോചിക്കുമെന്ന് ഐസിസി പ്രതീക്ഷിക്കുന്നു,” പ്രസ്താവനയിൽ പറഞ്ഞു. പരസ്പരം അംഗീകരിക്കാവുന്ന പരിഹാരം തേടാനും ഐസിസി ആവശ്യപ്പെട്ടു.
ബ്രോഡ്കാസ്റ്റർമാരിൽ നിന്ന് നിയമനടപടി ഭീഷണി
ഐസിസിയുടെ ശിക്ഷാ നടപടികൾക്ക് പുറമേ, ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കാതിരുന്നാൽ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിൽ നിന്ന് നിയമനടപടി നേരിടേണ്ടിവരുമെന്ന ഭീഷണിയും PCBയ്ക്ക് മുന്നിലുണ്ട്. “പാക്കിസ്ഥാൻ നിലപാട് മാറ്റിയില്ലെങ്കിൽ സാമ്പത്തിക പിഴയും ബ്രോഡ്കാസ്റ്റർമാരുടെ കേസ് പോലും നേരിടേണ്ടിവരും. ഐസിസി ഡിസ്പ്യൂട്ട് റെസല്യൂഷൻ കമ്മിറ്റിയെ സമീപിച്ചാലും അതിന് വിജയം ലഭിക്കാൻ സാധ്യത കുറവാണ്,” പിടിഐ ഉദ്ധരിച്ച PCB വൃത്തങ്ങൾ പറഞ്ഞു.
നാലുവർഷത്തെ ഐസിസി ബ്രോഡ്കാസ്റ്റിംഗ് കരാറിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ബ്രോഡ്കാസ്റ്റർ പണമടച്ചതെന്നും മറ്റൊരു വൃത്തം വ്യക്തമാക്കി. “അതുകൊണ്ട് തന്നെ കരാർ ലംഘനം ചൂണ്ടിക്കാട്ടി PCBയ്ക്കും ഐസിസിക്കും എതിരെ കോടതിയെ സമീപിക്കാൻ ബ്രോഡ്കാസ്റ്റർക്ക് പൂർണ അവകാശമുണ്ട്,” വൃത്തം കൂട്ടിച്ചേർത്തു.
















































