ഇസ്‌ലാമാബാദ്: ആഭ്യന്തര യുദ്ധത്തിൽ തകർന്നുനിൽക്കുന്ന സുഡാനിലേക്ക് ഏകദേശം 1.5 ബില്യൺ ഡോളർ (ഏകദേശം 13,500 കോടി ഇന്ത്യൻ രൂപ ) മൂല്യമുള്ള ആയുധങ്ങളും യുദ്ധവിമാനങ്ങളും വിതരണം ചെയ്യാനുള്ള കരാറിന്റെ അവസാനഘട്ടത്തിലാണെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ വ്യോമസേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥനും വിഷയവുമായി ബന്ധപ്പെട്ട മൂന്ന് വൃത്തങ്ങളുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് (RSF) എന്ന പാരാമിലിറ്ററി സംഘത്തിനെതിരെ പോരാടുന്ന സുഡാൻ സൈന്യത്തിന് ഈ കരാർ വലിയ ശക്തിയാകുമെന്നാണ് വിലയിരുത്തൽ.
രണ്ടര വർഷത്തിലേറെയായി തുടരുന്ന സുഡാൻ സംഘർഷം ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനവിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിയിരിക്കുകയാണ്. ചുവപ്പ് കടൽ മേഖലയിലെ തന്ത്രപ്രധാന സ്ഥാനവും വലിയ സ്വർണ ഉത്പാദനവും ഉള്ള സുഡാൻ വിഭജിക്കപ്പെടാനുള്ള ഭീഷണിയും ഉയർന്നിരിക്കുകയാണ്.
പാക്കിസ്ഥാനുമായുള്ള കരാറിൽ ഇരുപതോളം വിമാനങ്ങൾ, ഇരുന്നൂറിലധികം ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കരാർ പ്രാബല്യത്തിലായതാണ് വിരമിച്ച പാകിസ്താനി എയർ മാർഷൽ ആമിർ മസൂദ് റോയിറ്റേഴ്‌സിനോടു പറഞ്ഞത്. അതുപോലെ , കരാറിൽ 10 കരാക്കോറം-8 ലൈറ്റ് അറ്റാക്ക് വിമാനങ്ങൾ, സൂപ്പർ മുഷ്ഷാക്ക് പരിശീലന വിമാനങ്ങളും ചൈനയുമായി ചേർന്ന് വികസിപ്പിച്ച് പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന JF 17 ഫൈറ്റർ ജെറ്റുകളും ഇതിൽ ഉൾപ്പെടുമെന്ന് ആമിർ മസൂദ് പറയുന്നു.
പാകിസ്ഥാൻ വ്യോമസേനയിലെ മുൻ എയർ മാർഷൽ ആമിർ മസൂദ് ഇത് “നടപ്പിലായ കരാർ” ആണെന്ന് പ്രതികരിച്ചു. എന്നാൽ വിമാനങ്ങളുടെ കൃത്യമായ എണ്ണം അല്ലെങ്കിൽ വിതരണം ആരംഭിക്കുന്ന തീയതി എന്നിവ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിൽ പാക്കിസ്ഥാന്റെ പ്രതിരോധ മന്ത്രാലയവും സൈന്യവും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സുഡാൻ സൈന്യത്തിന്റെ വക്താവും പ്രതികരിക്കാൻ തയ്യാറായില്ല.
പാക്കിസ്ഥാനിൽ നിന്ന് ലഭിക്കുന്ന ഡ്രോണുകളും യുദ്ധവിമാനങ്ങളും സുഡാൻ സൈന്യത്തിന് വീണ്ടും വ്യോമാധിപത്യം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത കാലത്ത് ഡ്രോണുകളുടെ സഹായത്തോടെ RSF കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് സൈന്യത്തിന് തിരിച്ചടിയായിരുന്നു. RSF-ക്ക് യുഎഇ ആയുധങ്ങൾ നൽകുന്നുവെന്ന ആരോപണം സുഡാൻ സൈന്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും, യുഎഇ ഇത് നിഷേധിച്ചിട്ടുണ്ട്.
സൗദിയുടെ പിന്തുണയ്ക്ക് സാധ്യത
കരാറിന് ധനസഹായം എവിടെ നിന്നാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സൗദി അറേബ്യ സാമ്പത്തികമായി പിന്തുണ നൽകാൻ സാധ്യതയുണ്ടെന്ന് ആമിർ മസൂദ് പറഞ്ഞു. പാക്കിസ്ഥാനിൽ നിന്നുള്ള സൈനിക ഉപകരണങ്ങൾ സൗഹൃദ രാജ്യങ്ങൾക്കായി സൗദി പിന്തുണയ്ക്കുന്നത് സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയാണ് കരാർ ഇടപെട്ടതെന്ന് പറഞ്ഞെങ്കിലും ആയുധങ്ങൾക്ക് പണം നൽകുന്നുവെന്ന സൂചനയില്ലെന്നും വ്യക്തമാക്കി. സൗദി സർക്കാർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാന്റെ പ്രതിരോധ കയറ്റുമതി വളർച്ച
സുഡാൻ കരാർ പാക്കിസ്ഥാന്റെ വളരുന്ന പ്രതിരോധ വ്യവസായത്തിന് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ഇന്ത്യയുമായി കഴിഞ്ഞ വർഷം നടന്ന സംഘർഷത്തിൽ പാക്കിസ്ഥാൻ നിർമ്മിത യുദ്ധവിമാനങ്ങൾ വിന്യസിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഈ മേഖലയിലേക്കുള്ള താൽപര്യം വർധിച്ചിരുന്നു. കഴിഞ്ഞ മാസം ലിബിയൻ നാഷണൽ ആർമിയുമായി 4 ബില്യൺ ഡോളറിലധികം മൂല്യമുള്ള ആയുധ കരാർ പാക്കിസ്ഥാൻ ഒപ്പുവച്ചിരുന്നു. ബംഗ്ലാദേശുമായും സൂപ്പർ മുഷ്‌ഷാക്, ജെഎഫ്-17 വിമാനങ്ങൾ ഉൾപ്പെടുന്ന പ്രതിരോധ കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇപ്പോൾ 7 ബില്യൺ ഡോളറിന്റെ ഐഎംഎഫ് പദ്ധതിയിൽ കഴിയുന്ന പാക്കിസ്ഥാൻ, പ്രതിരോധ വ്യവസായത്തെ ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്കുള്ള പ്രധാന മാർഗമായി കാണുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
















































