ലഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കാൻ പുതിയ ഡിമാന്റുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മൂന്ന് ആവശ്യങ്ങളാണ് പിസിബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു മുന്നിൽവച്ചിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ രണ്ട് ഐസിസി അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. എന്നാൽ മത്സരം ബഹിഷ്കരിച്ചാലുള്ള നടപടികൾ ഐസിസി പിസിബി അംഗങ്ങളെ അറിയിച്ചു.
അതേസമയം പിസിബിയിലെ ഒരു വിഭാഗം ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാൽ പിസിബി തലവനും പാക്ക് മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയാണു കടുംപിടിത്തമാണ് ഇതിനു തടസമായി നിൽക്കുന്നത്. ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ ഇറങ്ങണമെങ്കിൽ മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ലോകകപ്പിൽനിന്നു പുറത്താക്കിയതിനുള്ള നഷ്ടപരിഹാരമായി ബംഗ്ലദേശിനു നൽകുന്ന തുക വർധിപ്പിക്കണം. ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം. ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം.– എന്നിവയാണു പാക്കിസ്ഥാന്റെ ആവശ്യങ്ങൾ.
ഇതൊക്കെ അംഗീകരിച്ചാൽ ഇന്ത്യയ്ക്കെതിരെ കളിക്കാമെന്നാണ് പിസിബിയുടെ നിലപാട്. അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‍വി, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കാണാനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ലോകകപ്പ് കളിക്കുമോയെന്നു പിസിബി പ്രഖ്യാപിക്കും. ബംഗ്ലദേശിനു പിന്തുണ പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നത്.
ഇതിനിടെയും സൂപ്പർ എട്ട് റൗണ്ടിലും തുടർന്നുള്ള മത്സരങ്ങളിലും യോഗ്യത നേടിയാൽ ഇന്ത്യയെ നേരിടുമോയെന്നു പാക്കിസ്ഥാൻ അറിയിച്ചിട്ടില്ല. ലോകകപ്പിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടത്താനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് ഐസിസി. മത്സരം നടന്നില്ലെങ്കിൽ ഐസിസിക്കും ആതിഥേയരായ ശ്രീലങ്കയ്ക്കും കോടികളുടെ നഷ്ടമാണുണ്ടാകുക.
















































