കൊളംബോ: ശ്രീലങ്കയ്ക്കെതിരെ വിജയിച്ചെങ്കിലും ടി20 ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ പുറത്ത്. നിർണായക മത്സരത്തിൽ ലങ്കയെ അഞ്ച് റൺസിന് പരാജയപ്പെടുത്തിയിട്ടും പാക്കിസ്ഥാന് സെമിയിലെത്താനായില്ല. പാക്കിസ്ഥാൻ പുറത്തായതോടെ സൂപ്പർ എട്ട് ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടിനുശേഷം രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡ് സെമി ഫൈനലിന് യോഗ്യത നേടി. അതേസമയം ഇന്ന് വിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ തോൽകുമെന്നും സെമി കാണാതെ പുറത്താകുമെന്നും പാക് മുൻ താരം മുഹമദ് അമീർ പ്രവചിച്ചിരുന്നു. ഇതിനിടെയാണ് സ്വന്തം ടീം സൂപ്പർ എട്ടിൽതന്നെ പുറത്തായത്.
പല്ലേക്കല്ലെയിൽ നടന്ന സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 213 റൺസിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിൽ വച്ചത്. റൺ റേറ്റ് പരിഗണിക്കുമ്പോൾ ലങ്കയെ 147 റൺസിൽ താഴെ പിടിച്ചുനിർത്തിയാൽ പാക്കിസ്ഥാന് സെമിയിൽ പ്രവേശിക്കാനാകുമായിരുന്നുള്ളു. എന്നാൽ വഴിമുടക്കിയായി ലങ്ക മുന്നിലെത്തുകയായിരുന്നു. ലങ്ക 20 ഓവറിൽ ആറു വിക്കറ്റിന് 207 റൺസ് നേടി. ഇതോടെ ജയിച്ചിട്ടും പാക്കിസ്ഥാൻ ഔദ്യോഗികമായി പുറത്തായി. പാക്കിസ്ഥാൻ പുറത്തായതോടെ മൂന്ന് പോയിന്റുമായി ന്യൂസിലൻഡ് സെമിയിലെത്തി. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു.
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ സാഹിബ്‌സാദ ഫർഹാന്റെ സെഞ്ച്വറിയാണ് പാക്കിസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 59 പന്തിൽ 100 റൺസെടുത്ത ഫർഹാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 42 പന്തിൽ നിന്ന് 84 റൺസെടുത്ത് ഫഖർ സമാനും മടങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പുറത്താകാതെ 31 പന്തിൽ 76 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ശനകയുടെ പ്രകടനം ലങ്കയ്ക്ക് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നൽകി. 37 പന്തിൽ 58 റൺസെടുത്ത പവൻ രത്‌നായകെയും തിളങ്ങി.
















































